സ്വകാര്യമേഖലയിലും ജാതി സംവരണം ഏര്‍പ്പെടുത്തണം

കോഴിക്കോട്: സ്വകാര്യമേഖലയിലും ജാതിസംവരണം ഏര്‍പ്പെടുത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാര്‍ ജോലികളിലും സ്ഥാപനങ്ങളിലും മാത്രമല്ല, സ്വകാര്യ സ്ഥാപനങ്ങള്‍, പ്രൈവറ്റ്-പബ്ലിക് പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലായിടത്തും ജാതിസംവരണം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കേരള ദലിത് ഫെഡറേഷന്‍ സംഘടിപ്പിച്ച, മഹാത്മാ അയ്യങ്കാളി നയിച്ച വില്ലുവണ്ടി വിപ്ലവയാത്രയുടെ 125ാം വാര്‍ഷികാഘോഷ പരിപാടി കെ പി കേശവമേനോന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുള്ള സംവരണംപോലും എടുത്തുകളയാനുള്ള നീക്കവുമായി പോവുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. വര്‍ഷത്തില്‍ രണ്ടുകോടിയോളം തൊഴിലവസരം സൃഷ്ടിക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ നിലവിലുള്ള തൊഴിലവസരങ്ങ ള്‍പോലും ഇല്ലാതാക്കുകയാണ്. മാത്രമല്ല, നിലവിലെ സംവരണം അട്ടിമറിക്കാനും ശ്രമിക്കുന്നു. ജീവകാരുണ്യപ്രവര്‍ത്തകനായ ഡോ. പുനലൂര്‍ സോമരാജന്‍, വിദ്യാഭ്യാസപ്രവര്‍ത്തകന്‍ ഡോ. കെ ശിവരാജന്‍, വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിത കമാല്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍ സൂര്യദേവ, സബര്‍മതി പുരസ്‌കാരം നേടിയ ടി പി ഭാസ്‌കരന്‍, കെഡിഎഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് വി നാരായണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പോലിസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും കേരള പോലിസില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കാനം പറഞ്ഞു. അന്വേഷണം തൃപ്തികരമായ രീതിയിലാണെന്നാണു താന്‍ മനസ്സിലാക്കുന്നത്. 70 ശതമാനം അന്വേഷണം പൂര്‍ത്തിയായി. ശക്തമായ തെളിവുകള്‍ ശേഖരിച്ചായിരിക്കും തുടരന്വേഷണം. കന്യാസ്ത്രീകള്‍ സമരം നടത്തുന്നതില്‍ തെറ്റില്ല. ഏറ്റവും നിസ്സഹായരായവരോടൊപ്പം നില്‍ക്കുക എന്നതാണ് തന്റെ പാര്‍ട്ടി എന്നും സ്വീകരിച്ചിട്ടുള്ള നയമെന്നും പത്തനാപുരത്ത് കന്യാസ്ത്രീ മരിച്ചതിനെക്കുറിച്ച് പോലിസ് അന്വേഷണം നടക്കുമെന്നും കാനം പറഞ്ഞു. പി സി ജോര്‍ജ് കന്യാസ്ത്രീകള്‍ക്കെതിരേ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോടു തന്നെ ചോദിക്കണം. പി കെ ശശി എംഎല്‍എയ്‌ക്കെതിരേ പെണ്‍കുട്ടി പോലിസില്‍ പരാതി നല്‍കിയാല്‍ പോലിസ് നടപടിയെടുക്കും. ജനപ്രതിനിധിയായ ശശിക്കെതിരേ പാര്‍ട്ടി മാത്രം അന്വേഷിച്ചാല്‍ മതിയോ എന്ന ചോദ്യത്തില്‍ നിന്നു വ്യക്തമായി ഉത്തരം പറയാതെ കാനം ഒഴിഞ്ഞുമാറി.RELATED STORIES

Share it
Top