സ്വകാര്യബസ് സമരം: യാത്രാദുരിതം തുടരുന്നു

കണ്ണൂര്‍: സ്വകാര്യബസ് സമരം നാലാം നാളിലേക്ക് കടന്നതോടെ ജില്ലയില്‍ യാത്രാദുരിതം രൂക്ഷമായി. കൃത്യസമയത്ത് ജോലിസ്ഥലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്താനാവാതെ ബുദ്ധിമുട്ടുകയാണ് ജനം. സ്ത്രീകളും സ്‌കൂള്‍ കുട്ടികളും ഉള്‍പ്പെടെയുള്ള സ്ഥിരംയാത്രക്കാരുടെ ബുദ്ധിമുട്ട് ചെറുതല്ല. കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ബസ്സുകളുടെ എണ്ണത്തില്‍ വര്‍ധനവരുത്തിയില്ല. ഡിപ്പോകളില്‍ കൂടുതല്‍ ബസ്സുകള്‍ ഇല്ലാത്തതാണ് തിരിച്ചടിയായത്.
എന്നാല്‍ ഷെഡ്യൂള്‍ കൂട്ടി വിശ്രമമില്ലാത്ത സര്‍വീസാണ് നടത്തിവരുന്നതെന്നാണ് അധികൃതരുടെ വാദം. മലയോര-ഗ്രാമീണ മേഖലകളില്‍ കെഎസ്ആര്‍ടിസി ബസ് അപൂര്‍വമാണ്. ഇതോടെ ഇവിടങ്ങളിലെ ജനങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടു.
അതേസമയം, സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ചൂഷണം വര്‍ധിച്ചിട്ടുണ്ട്. മിനിമം ചാര്‍ജിന്റെ ഇരട്ടി തുകയാണ് പലരും ഈടാക്കുന്നതെന്നാണ് ആരോപണം. രാവിലെയും വൈകീട്ടും പല റൂട്ടുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ചെറുകിട സ്വകാര്യവാഹനങ്ങളും യഥേഷ്ടം നിരത്തിലിറങ്ങുന്നു. ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളാണ് ദീര്‍ഘദൂര യാത്രക്കാരുടെ ആശ്രയം. അതിനാല്‍ ട്രെയിനുകളില്‍ തിരക്കാണ്. എന്നാല്‍, വൈകിയോട്ടം യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ചെറിയ ആശ്വാസമാകാവുന്ന പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള ട്രെയിനുകളും തുണയ്ക്കുന്നില്ല. മണിക്കൂറുകള്‍ വൈകി ഓടുന്നതാണ് പ്രശ്‌നം.
സ്വകാര്യ ബസ്സുകള്‍ ഇല്ലാത്തതിനാല്‍ നഗരങ്ങളില്‍ ഹര്‍ത്താല്‍ പ്രതീതിയാണ്. പല ഹോട്ടലുകളും കച്ചവട സ്ഥാപനങ്ങളും ഇതിനകം താല്‍ക്കാലികമായി അടച്ചിട്ടു. കൂടാതെ വ്യാപാര മേഖലയെയും ബാധിച്ചു. ബസ് സമരം തുടരുകയാണെങ്കില്‍ പ്രതിസന്ധി രൂക്ഷമാവുമെന്നാണ് വിലയിരുത്തല്‍.

RELATED STORIES

Share it
Top