സ്വകാര്യബസ് ജീവനക്കാര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

പത്തനംതിട്ട: ബസ് സ്റ്റാന്റില്‍ സ്വകാര്യബസ് ജീവനക്കാര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.മുരഹര ബസിലെ ജീവനക്കാരനായ കൊല്ലം കണ്ടച്ചിറ മങ്ങാട് മഠത്തില്‍ തൊടിയില്‍ ജീവനെയാണ് അറസ്റ്റ് ചെയ്തത്. റിമാന്റു ചെയ്തു. അറസ്റ്റിലായയാള്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്തുവരികയാണ്.
ഏറ്റുമുട്ടിയ സകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ പൊലീസ് ആര്‍. ടി. ഒയ്ക്ക് കത്തു നല്‍കി. ബസുകളുടെ പെര്‍മിറ്റും റദ്ദാക്കും. ഡിവൈ. എസ്. പി റഫീക്കാണ് ആര്‍.ടി. ഒയ്ക്ക് കത്തു നല്‍കിയത്. ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് നടക്കുന്ന അക്രമങ്ങളും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിന് സ്ഥിരം പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും.
ബിസ്മി, മുരഹര ബസുകളിലെ ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഒരാഴ്ചയായി പത്തനംതിട്ട  ഓച്ചിറ റൂട്ടിലോടുന്ന ബസ്മി ബസും കൊല്ലം  റാന്നി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മുരഹര ട്രാവത്സും തമ്മില്‍ സമയത്തെച്ചൊല്ലി തര്‍ക്കത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ സ്റ്റാന്റില്‍ ഇരു ബസുകളിലെയും ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വൈകിട്ട് സംഘര്‍ഷമുണ്ടായത്.

RELATED STORIES

Share it
Top