സ്റ്റേഷന്‍ വളപ്പില്‍ എഎസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: കടവന്ത്ര ജനമൈത്രി പോലിസ് സ്റ്റേഷന്‍ വളപ്പില്‍ എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വല്ലാര്‍പാടം പള്ളിക്കല്‍വീട്ടില്‍ പി എം തോമസാ(52)ണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ പോലിസ് സ്റ്റേഷനു പിന്‍വശത്തെ പാര്‍ക്കിങ് ഏരിയയിലെ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. കൈക്കൂലി കേസില്‍ തോമസിനെതിരായ വിജിലന്‍സ് കേസിന്റെ വിചാരണ ഇന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെയാണ് സംഭവം. മാനസിക സംഘര്‍ഷമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഡ്യൂട്ടിയില്ലാതിരുന്നിട്ടും ചൊവ്വാഴ്ച രാത്രി സ്‌റ്റേഷനിലെത്തിയ തോമസ് അവിടെ തങ്ങി. തുടര്‍ന്ന് സഹപ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. പുലര്‍ച്ചെ 3ഓടെ പുറത്തു പോയി തിരിച്ചെത്തി. ഇതിനു ശേഷമാകാം മരണം സംഭവിച്ചതെന്നു കരുതുന്നു. രാവിലെ ഡ്യൂട്ടിക്കെത്തിയ പോലിസുകാരനാണ് തോമസിനെ മരിച്ച നിലയില്‍ കാണുന്നത്. കേസില്‍ താന്‍ നിരപരാധിയാണെന്നും തന്നെ മനപ്പൂര്‍വം കുടുക്കുകയായിരുന്നുവെന്നും കാണിച്ച് തോമസ് എഴുതിയ ആത്മഹത്യാക്കുറിപ്പ് ഇദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷമാകാം ആത്മഹത്യക്കുള്ള കാരണമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കൊച്ചി സിറ്റി പോലിസ് എസിപി കെ ലാല്‍ജി പറഞ്ഞു. എറണാകുളം സെന്‍ട്രല്‍ സിഐ എ അനന്തലാലിനാണ് കേസിന്റെ അന്വേഷണ ചുമതല. എറണാകുളം കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തിരുന്ന തോമസ് നാലു മാസം മുമ്പാണ് കടവന്ത്ര പോലിസ് സ്റ്റേഷനിലെത്തിയത്്. കൊച്ചി റേഞ്ച് ഐജി പി വിജയന്‍, സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശ്, എസിപി കെ ലാല്‍ജി എന്നിവര്‍ സ്ഥലത്തെത്തി.  മൃതദേഹം ഇന്നലെ വൈകുന്നേരം സംസ്‌കരിച്ചു. ഭാര്യ: മര്‍ഫി തോമസ്. മക്കള്‍: നിഖില്‍ തോമസ്, നിമിത തോമസ് (ഇരുവരും വിദ്യാര്‍ഥികള്‍).

RELATED STORIES

Share it
Top