സ്റ്റേജ് പൊളിച്ചു നീക്കാന്‍ ശ്രമം; നാട്ടുകാര്‍ തടഞ്ഞു

ചിറ്റൂര്‍: തത്തമംഗലത്ത് കമ്മ്യൂണറ്റി ഹാളിനു മുന്‍വശത്തെ വായനശാല ഗ്രൗണ്ടില്‍ സ്ഥിതി ചെയുന്ന സ്‌റ്റേജ് പൊളിച്ചുമാറ്റാനുള്ള നഗരസഭാജീവനക്കാരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ നഗരസഭാ ജീവനക്കാര്‍ എസ്‌കവേറ്ററുമായെത്തി കരിങ്കല്‍ കൊണ്ടു നിര്‍മിച്ച സ്‌റ്റേജ് പൊളിച്ചുമാറ്റുകയായിരുന്നു. ഇതുശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. പിന്നിട് നഗരസഭാ ജീവനക്കാരെയും കൗണ്‍സിലമാരെയും  ബന്ധപ്പെട്ടെങ്കിലും ഇതേ കുറിച്ച് യാതൊരു നിര്‍ദേശവും നല്‍കിയിട്ടിലെന്ന് അറിയിച്ചു. നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയതോടെ പൊളിക്കുന്നത് പാതിയില്‍ നിര്‍ത്തിവെച്ച് ജീവനക്കാര്‍ മടങ്ങി. പിന്നിട് വിഷയം സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അറിയിലെന്ന മറുപടിയാണ് നല്‍കിയത്. മുന്‍ ചെയര്‍മാന്‍ ടി എസ് തിരുവെങ്കിടത്തിന്റെ നിര്‍ദേശ പ്രകാരമാണ് സ്‌റ്റേജ് പൊളിച്ചുമാറ്റാന്‍ ശ്രമിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു. വിഷയം വിവാദമാവുമെന്നറിഞ്ഞതോടെ പൊളിച്ച് പുതിയത് കെട്ടി നല്‍കാമെന്ന് ഉറപ്പു നല്‍കി. നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റിയില്‍ പോലും വിഷയം ചര്‍ച്ച ചെയ്തിട്ടിലെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് എ കണ്ണന്‍ കുട്ടി പറഞ്ഞു.

RELATED STORIES

Share it
Top