സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കില്ലെന്ന് തമിഴ്‌നാട്

ചെന്നൈ: തൂത്തുക്കുടി വെടിവയ്പിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ സ്റ്റെര്‍ലൈറ്റ് വ്യവസായ പ്ലാന്റ് വീണ്ടും തുറക്കില്ലെന്നു തമിഴ്‌നാട് സര്‍ക്കാര്‍. ജനങ്ങളുടെ വികാരത്തെ മാനിച്ചാണ് വേദാന്ത ലിമിറ്റഡ് യൂനിറ്റ് അടച്ചുപൂട്ടുന്നതിനുള്ള നടപടി സ്വീകരിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു. തൂത്തുക്കുടിയിലെ വെടിവയ്പിനെ തുടര്‍ന്ന് കോപ്പര്‍ സ്‌മെല്‍റ്റര്‍ പ്ലാന്റ് സന്ദര്‍ശിക്കാനായി ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) മേഘാലയ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് തരുണ്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ നിയമിച്ചിരുന്നു.
തങ്ങളുടെ തീരുമാനം പ്ലാന്റ് അടച്ചുപൂട്ടണമെന്നതാണ്. അത് അടച്ചുപൂട്ടുകയും ചെയ്തു. സര്‍ക്കാരിന്റെ നയത്തിന്റെ അടിസ്ഥാനത്തിലാണ് പ്ലാന്റ് അടച്ചുപൂട്ടിയത്. പ്ലാന്റ്് അടച്ചുപൂട്ടിയതിനെതിരേ വേദാന്ത എന്‍ജിടിയെ സമീപിച്ചതിനെ തുടര്‍ന്ന് എന്‍ജിടി ഒരു പാനല്‍ രൂപീകരിച്ചു. ഈ പാനലിന്റെ ആവശ്യമില്ലെന്നു തങ്ങള്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നതായും ഫിഷറീസ് മന്ത്രി ഡി ജയകുമാര്‍ പറഞ്ഞു. ജനങ്ങള്‍ പ്ലാന്റിനെതിരാണ്. തൂത്തുക്കുടിയിലെ ജനങ്ങളുടെ വികാരത്തെ മാനിച്ചാണ് സര്‍ക്കാര്‍ പ്ലാന്റ് അടച്ചുപൂട്ടിയതെന്നും മന്ത്രി ജയകുമാര്‍ പറഞ്ഞു. അടച്ചുപൂട്ടിയത് അടച്ചുപൂട്ടിയതു തന്നെയാണെന്നും സര്‍ക്കാര്‍ അതു വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കില്ലെന്നും മന്ത്രി അറിയിച്ചു. സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ 99 ദിവസം സമരം നടത്തി. സമരത്തിന്റെ 100ാം ദിവസമായ മെയ് 22ന് സമരം കൂടുതല്‍ വഷളാവുകയും തുടര്‍ന്ന് പോലിസ് നടത്തിയ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്‍ജിടി പാനല്‍ രൂപീകരിക്കുന്നതിനെതിരേ സുപ്രിംകോടതിയില്‍ ഹരജി നിലനില്‍ക്കുന്നതിനാല്‍ അടച്ചുപൂട്ടിയ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് കമ്മിറ്റി സന്ദര്‍ശിക്കുന്നതു നീട്ടിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ചൊവ്വാഴ്ച സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
സ്‌റ്റെര്‍ലൈറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തൂത്തുക്കുടിയിലെ ഭൂഗര്‍ഭജല മലിനീകരണത്തെ കുറിച്ചുള്ള കേന്ദ്രത്തിന്റെ റിപോര്‍ട്ട് നേരത്തേ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. തമിഴ്‌നാട് സര്‍ക്കാരിനെ മോശമാക്കുന്ന തരത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയതെന്നും തമിഴ്‌നാട് സര്‍ക്കാര്‍ പറഞ്ഞു.

RELATED STORIES

Share it
Top