സ്റ്റീഫന്‍ ക്ലാര്‍ക്കിന്റെ കൊലപാതകം; പ്രതിഷേധവുമായി കുടുംബാംഗങ്ങളും

ലോസ് ആഞ്ചലസ്: യുഎസിലെ സാക്രമാന്റോയില്‍ ആഫ്രോ അമേരിക്കന്‍ വംശജനായ സ്റ്റീഫന്‍ ക്ലാര്‍ക്കിനെ പോലിസ് വെടിവച്ചു കൊലപ്പെടുത്തിയതിനെതിരേ പ്രതിഷേധം ശക്തമാവുന്നു. പോലിസ് സേനയുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താനാവശ്യപ്പെട്ട് കഴിഞ്ഞദിവസം സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ ക്ലാര്‍ക്കിന്റെ കുടുംബാംഗങ്ങളടക്കം നൂറുകണക്കിനുപേര്‍ പങ്കാളികളായി. സ്റ്റീഫന്‍ ക്ലാര്‍ക്കിന്റെ രണ്ട് ആണ്‍മക്കളും ജീവിത പങ്കാളി സലീന മാന്നിയും മുത്തശ്ശിയും അമ്മാവനുമടക്കമുള്ള കുടുംബാംഗങ്ങളാണ് റാലിയില്‍ പങ്കെടുത്തത്.
സാക്രമാന്റോ സ്വദേശിയും ദേശീയ ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ (എന്‍ബിഎ) മുന്‍ താരവുമായ മാറ്റ് ബാണ്‍സിന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. ക്ലാര്‍ക്കിന്റെ മക്കളുടെ വിദ്യാഭ്യസത്തിനായുള്ള സ്‌കോളര്‍ഷിപ്പ് ഫണ്ട് സമാഹരണത്തിനും റാലിയില്‍ തുടക്കം കുറിച്ചു.
മാര്‍ച്ച് 18ന് രാത്രിയാണ് 22കാരനായ ക്ലാര്‍ക്കിനെ പോലിസ് വെടിവച്ചുകൊലപ്പെടുത്തിയത്. 20 തവണ ക്ലാര്‍ക്കിനു നേര്‍ക്ക് പോലിസ് നിറയൊഴിച്ചിരുന്നു.കൊലപാതകത്തില്‍ പങ്കാളികളായ പോലിസുകാര്‍ നിലവില്‍ അവധിയിലാണ്. ഇവര്‍ക്കെതിരേ തക്കതായ നടപടിയെടുക്കുന്നതില്‍ നിന്ന് അധികൃതര്‍ ഒഴിഞ്ഞുമാറുകയാണെന്ന് പ്രതിഷേധക്കാര്‍ വിമര്‍ശിച്ചു.

RELATED STORIES

Share it
Top