സ്റ്റാര്‍ട്ടപ്പ് സമ്മേളനം ആരംഭിച്ചു

കൊച്ചി: ആശയങ്ങള്‍ മികച്ചതായതുകൊണ്ടു കാര്യമില്ല, അവ എങ്ങനെ നടപ്പാക്കുന്നുവെന്നതിലാണ് സ്റ്റാര്‍ട്ടപ്പുകളുടെ വിജയമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച വിദഗ്‌ധോപദേശക സമ്മേളനം അഭിപ്രായപ്പെട്ടു. നിലവിലെ ജോലി ഉപേക്ഷിച്ച് സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്ക് കടക്കാനാഗ്രഹിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യബോധം പകര്‍ന്നുകൊടുക്കാനായി സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നിര്‍ണായക വിജയഘടകങ്ങള്‍ എന്ന വിഷയത്തില്‍ നടത്തിയ മാര്‍ഗനിര്‍ദേശക സമ്മേളനത്തില്‍ നിരവധി വിദഗ്ധരാണ് പങ്കെടുത്തത്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, ഗോഡ്‌സ് ഓണ്‍ ഫുഡ് സൊല്യൂഷന്‍സ് സിഇഒയും സ്ഥാപകനുമായ ജെയിംസ് ജോസഫ്, മെന്റര്‍ ഗുരു പ്രഫഷനല്‍ സര്‍വീസസ് ഡയറക്ടര്‍ എസ് ആര്‍ നായര്‍, കെപിഎംജി ഡയറക്ടര്‍ ആനന്ദ് ശര്‍മ, ഐഐഎം കോഴിക്കോട് അധ്യാപകന്‍ രാജേഷ് ഉപാധ്യായുള്ള, എസ്എസ് കണ്‍സല്‍ട്ടിങ് സിഇഒ ശൈലന്‍ സുഗുണന്‍ എന്നിവരാണ് 100ഓളം വരുന്ന സംരംഭകര്‍ക്ക് വിദഗ്‌ധോപദേശം നല്‍കാനെത്തിയത്. മികച്ച സ്റ്റാര്‍ട്ടപ്പ് ഉല്‍പന്നങ്ങളാണ് പലപ്പോഴും പരാജയപ്പെടുന്നതെന്ന് ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി.
മികച്ച ആശയങ്ങള്‍ പരിതാപകരമായ രീതിയില്‍ പ്രാവര്‍ത്തികമാക്കുന്നതാണ് പലപ്പോഴും പരാജയകാരണമാവുന്നത്. സംസ്ഥാനത്തെ 80 ശതമാനം സ്റ്റാര്‍ട്ടപ്പുകളും ഇന്നും ശൈശവദശയിലാണ്. സേവനത്തിനുവേണ്ടി പണം നല്‍കുന്ന ഉപഭോക്താവിനെയാണ് എല്ലാ സ്റ്റാര്‍ട്ടപ്പുകളും ഉന്നംവയ്‌ക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിപണിനേതൃത്വം നേടുകയെന്നത് പലപ്പോഴും ആകസ്മികമായി സംഭവിക്കുന്നതാണെന്ന് രാജ്യത്ത് പച്ചച്ചക്ക ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനായ ജെയിംസ് ജോസഫ് പറഞ്ഞു.

RELATED STORIES

Share it
Top