സ്റ്റാഫ് നഴ്‌സ് നിയമന ക്രമക്കേട്: പിഎസ്‌സിക്ക് രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: സ്റ്റാഫ് നഴ്‌സ് നിയമന ക്രമക്കേട് ആരോപിച്ചുള്ള ഹരജിയില്‍ പിഎസ്‌സിക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം. പിഎസ്‌സി ഭരണഘടനയ്ക്കു മുകളിലല്ല, താഴെയാണു പ്രവര്‍ത്തിക്കുന്നതെന്നും ട്രൈബ്യൂണല്‍ അംഗങ്ങളായ ബെന്നി ഗര്‍വ്വാസിസും വി സോമസുന്ദരവും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു.
സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2 നിയമനത്തിലെ അഴിമതി ആരോപിച്ചുള്ള ഹരജിയില്‍ വാദംകേള്‍ക്കവേയാണ് ട്രൈബ്യൂണല്‍ പിഎസ്‌സി നിയമനത്തിലെ സുതാര്യതയില്‍ സംശയം പ്രകടിപ്പിച്ചത്. കോടതി നടപടി ക്രമരേഖകളില്‍ പിഎസ്‌സിക്കെതിരേ പ്രതികൂലമായ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. മറുപടി സത്യവാങ്മൂലം നവംബര്‍ ഒന്നിനകം കോടതിയില്‍ ഫയല്‍ ചെയ്യാത്തപക്ഷം റിക്രൂട്ട്‌മെന്റ്-നിയമന ഫയല്‍ സഹിതം പിഎസ്‌സി സെക്രട്ടറി നവംബര്‍ 5ന് ഹാജരാവണമെന്നും കോടതി ഉത്തരവിട്ടു. നിയമനത്തില്‍ ക്രമക്കേട് ആരോപിച്ച് ചുരുക്കപ്പട്ടികയില്‍ പേരുള്ള ഉദ്യോഗാര്‍ഥിയായ പുനലൂര്‍ ജയേഷ് മന്ദിരത്തില്‍ ലക്ഷ്മി രാജഗോപാല്‍ നല്‍കിയ ഹരജിയിലാണു കോടതി ഉത്തരവ്. ജൂലൈ 9ന് സമര്‍പ്പിച്ച ഹരജിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാതെ ആറു പ്രാവശ്യം കൂടുതല്‍ സമയം ചോദിച്ച് നീട്ടിയതാണു കോടതിയെ ചൊടിപ്പിച്ചത്.
ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ അന്തിമ റാങ്ക്‌ലിസ്റ്റ് ജൂലൈ 16നു പ്രസിദ്ധീകരിച്ച കാര്യവും കോടതിയില്‍ നിന്ന് പിഎസ്‌സി മറച്ചുവച്ചതിന് പിഎസ്‌സിയെ കോടതി ശകാരിക്കുകയും ചെയ്തു.

RELATED STORIES

Share it
Top