സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ സമനില ഒപ്പിച്ച് ബാഴ്‌സലോണ


ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗിലെ കരുത്തന്‍മാരുടെ പോരാട്ടം സമനിലയില്‍. ചെല്‍സിയുടെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ആതിഥേയരെ ബാഴ്‌സലോണ 1-1 എന്ന നിലയില്‍ തളച്ചിടുകയായിരുന്നു. ചെല്‍സിക്കായി വില്യന്‍ വലകുലുക്കിയപ്പോള്‍ ബാഴ്‌സലോണയ്ക്കുവേണ്ടി ലയണല്‍ മെസ്സിയും ലക്ഷ്യം കണ്ടു.
ആദ്യ ഇലവനില്‍ ഗാരി കഹലിനെ പുറത്തിരുത്തി റൂഗിഡറിന് ചെല്‍സി അവസരം നല്‍കി.  ആക്രമണനിരയില്‍ മൊറാത്ത, ജിറൗഡിനെ പുറത്തിരുത്തി ഹസാര്‍ഡ്, പെട്രോ, വില്യന്‍ എന്നിവര്‍ക്കും ചെല്‍സി അവസരം നല്‍കി. ആദ്യ പകുതി ഗോള്‍ രഹിതമായാണ് അവസാനിച്ചത്. വില്യന്റെ രണ്ട് ഷോട്ടുകള്‍ ബാഴ്‌സലോണയുടെ പോസ്റ്റില്‍ തട്ടി മടങ്ങിയതാണ് സന്ദര്‍ശകര്‍ക്ക് രക്ഷയായത്.
രണ്ടാം പകുതിയില്‍ 62 ാം മിനുറ്റില്‍ ഹസാര്‍ഡിന്റെ അസിസ്റ്റിനെ വലയിലാക്കി വില്യന്‍ ചെല്‍സിക്ക് ലീഡ് സമ്മാനിച്ചു. പിന്നീട് ഗോള്‍ മടക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച ബാഴ്‌സ 63ാം മിനിറ്റില്‍ പൗലീഞ്ഞോയെ തിരിച്ചുവിളിച്ച് അലക്‌സി വിദാലിന് അവസരം നല്‍കി. 75ാം മിനിറ്റില്‍ പന്ത് കൈയടക്കുന്നതില്‍ ചെല്‍സി താരം അന്ദ്രിയാസ് ക്രിസ്റ്റിയന്‍സിന് പിഴച്ചപ്പോള്‍ അത് മുതലെടുത്ത് ഇനിയെസ്റ്റ നല്‍കിയ പാസ് ഗോളാക്കി മെസ്സി ബാഴ്‌സലോണക്ക് സമനില സമ്മാനിക്കുകയായിരുന്നു. പിന്നീട് ഗോള്‍ അകന്നുനിന്നതോടെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 1-1 സമനിലയോടെ ഇരുകൂട്ടരും ബൂട്ടഴിച്ചു. നിലവില്‍ ഒരു എവേ ഗോളിന്റെ ആധിപത്യം ബാഴ്‌സലോണക്ക് കരുത്താവും. രണ്ടാം പാദ മല്‍സരം ബാഴ്‌സയുടെ തട്ടകത്തിലാണ് നടക്കുന്നത്.

RELATED STORIES

Share it
Top