സ്രഷ്ടാവിന്റെ ചാരത്ത്അല്ലാഹു സത്യവിശ്വാസികളെ വിരുന്നൂട്ടുന്ന മാസമാണ് റമദാന്‍. സല്‍ക്കാരദിവസങ്ങളില്‍ സ്രഷ്ടാവിന്റെ ആതിഥേയത്വം സ്വീകരിക്കാന്‍ അവന്റെ ഭവനങ്ങളിലേക്ക് ചെന്നണയുകയാണ് ഇഅ്തികാഫിലൂടെ അല്ലാഹുവിന്റെ വിനീത ദാസന്‍മാര്‍. സത്യവിശ്വാസി അല്ലാഹുവില്‍ ലയിക്കുന്ന ദിനരാത്രങ്ങളാണ് ഇഅ്തികാഫിന്റെ രാപകലുകള്‍. റമദാന്‍ അല്ലാത്ത മാസങ്ങളിലും ഇഅ്തികാഫുണ്ട്. പള്ളികളില്‍ ധ്യാനനിരതനായും പ്രാര്‍ഥനകളിലും ഖുര്‍ആന്‍ പഠനത്തിലും മുഴുകിയും കഴിച്ചുകൂട്ടുന്നതിന് നിയ്യത്തനുസരിച്ച് ഇഅ്തികാഫിന്റെ പുണ്യമുണ്ട്; റമദാനിലെ ഇഅ്തികാഫിന് സാധാരണ ദിവസങ്ങളിലെ ഇഅ്തികാഫിനെ അപേക്ഷിച്ച് പ്രത്യേക പുണ്യവും മഹത്ത്വവും നല്‍കപ്പെട്ടിരിക്കുന്നു.അവസാനത്തെ പത്ത് നോമ്പുദിവസങ്ങളാണ് റമദാനിലെ ഇഅ്തികാഫിന്റെ ദിവസങ്ങള്‍. 21ാമത്തെ നോമ്പു മുതല്‍ നബിതിരുമേനി ഇഅ്തികാഫ് അനുഷ്ഠിക്കാറുണ്ടായിരുന്നു. കാരുണ്യവാനായ സ്രഷ്ടാവിന്റെ വരദാനമായ ‘ലൈലത്തുല്‍ ഖദ്്ര്‍ എന്ന പ്രതിഭാസം റമദാനിന്റെ അവസാന നാളുകളിലാണ് എന്നത് ഇഅ്തികാഫിന് പ്രത്യേക ശ്രേഷ്ഠത നല്‍കുന്നു. ഇബ്‌നു അബ്ബാസ് നിവേദനം ചെയ്യുന്ന ഹദീസില്‍- “ഇഅ്തികാഫ് ഇരിക്കുന്നവരെപ്പറ്റി നബി പറഞ്ഞു:” അവര്‍ പാപങ്ങളെ തടയുന്നു. എല്ലാ നന്മകളും ചെയ്യുന്ന ഒരാളുടെ നന്മ അയാളുടെ പേരില്‍ എഴുതപ്പെടുന്നതുമാണ് “(ഇബ്‌നുമാജ). ഹിജ്‌റയ്ക്കു ശേഷമുള്ള പത്തുവര്‍ഷക്കാലമാണ് നബി ഇഅ്തികാഫ് അനുഷ്ഠിച്ചത്.

ഹിജ്‌റയുടെ പത്താംവര്‍ഷം, അതായത് നബിയുടെ ജീവിതത്തിന്റെ അവസാന വര്‍ഷം തിരുമേനി 20 ദിവസം ഈ കര്‍മമനുഷ്ഠിച്ചെന്നും ഹദീസുകളിലൂടെ വ്യക്തമാവുന്നു. സ്രഷ്ടാവിന്റെ സാമീപ്യം നേടാന്‍ സ്വയംസന്നദ്ധനായി ചെയ്യേണ്ടുന്ന വളരെ പ്രധാനപ്പെട്ട ആരാധനാകര്‍മമാണ് അത്. ഇഹലോകത്തിന്റെ ഭൗതിക കെട്ടുപാടുകളില്‍ നിന്നെല്ലാം സ്വതന്ത്രനായി ശരീരവും മനസ്സും ഒരുമിച്ച് നാഥന്റെ ചാരത്തണയുകയാണ് ഇഅ്തികാഫിലൂടെ സംഭവി ക്കുന്നത്. തന്റെ സ്രഷ്ടാവിന്റെ മഹത്ത്വങ്ങള്‍ പ്രകീര്‍ത്തിക്കുകയും (തസ്്ബീഹ്) തന്റെ തെറ്റുകള്‍ക്ക് മാപ്പിരക്കുകയും (ഇസ്തിഗ്ഫാര്‍) തനിക്ക് കൂടുതല്‍ ഉള്‍ക്കരുത്തും തിരിച്ചറിവും ലഭിക്കാന്‍ ഖുര്‍ആന്‍ പഠന-മനനങ്ങളില്‍ മുഴുകുകയും (തര്‍തീലുല്‍ ഖുര്‍ആന്‍) തന്റെ പ്രയാസങ്ങളും പ്രശ്‌നങ്ങളുമവതരിപ്പിച്ച് പരിഹാരം തേടുകയും (ദുആ) ചെയ്തുകൊണ്ട് ധ്യാനനിരതനായി രാപലുകള്‍ കഴിച്ചുകൂട്ടുകയാണ് ഇഅ്തികാഫ് നിര്‍വഹിക്കുന്ന ആള്‍ ചെയ്യുന്നത്. സാധ്യമാവുന്നത്ര ദിവസങ്ങളോ കുറഞ്ഞ മണിക്കൂറുകളെങ്കിലുമോ ഈ മഹത്തായ ഇബാദത്തിന്് സമയം കണ്ടെത്തണമെന്ന നിയ്യത്തുണ്ടെങ്കില്‍, അല്ലാഹു ഇഅ്തികാഫ് അവര്‍ക്ക് എളുപ്പമാക്കികൊടുക്കും.

RELATED STORIES

Share it
Top