സ്മാരകശിലകളേ, ഇതാ ഒരാള്‍ കൂടി...പി  എ  എം  ഹനീഫ്

കാരയ്ക്കാട് വലിയ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഒരു സ്മാരകശില കൂടി... 77ാം വയസ്സില്‍ പുനത്തില്‍ കുഞ്ഞബ്ദുല്ല ആഗ്രഹിച്ചപോലെ സ്വന്തം നഗരത്തില്‍ തന്നെ വേര്‍പെട്ടു. മലയാള സാഹിത്യത്തില്‍ നര്‍മത്തിനും കുസൃതിക്കും 'അപ്പത്തര'ങ്ങള്‍ക്കും സ്വന്തം കൃതികളില്‍ ഇടംകണ്ടെത്തി എന്നതു മാത്രമല്ല, എഴുതി പ്രതിഫലിപ്പിച്ചതും ഒരേയൊരു കുഞ്ഞബ്ദുല്ല; സാക്ഷാല്‍ മലമുകളിലെ അബ്ദുല്ല. കുഞ്ഞബ്ദുല്ലയുടെ കൃതികളിലെ നര്‍മം പെട്ടെന്ന് ഒരു ചിരിയില്‍ അവസാനിക്കില്ല. ആസ്വാദകന്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കും. ദൗര്‍ബല്യങ്ങള്‍ ഏറെയുള്ളവരായിരിക്കും കുഞ്ഞബ്ദുല്ലയുടെ കഥാപാത്രങ്ങള്‍. എറമുള്ളാനും അലിഗഡിലെ തടവുകാരനും മരുന്നിലെ മുഖര്‍ജിയും ഖലീഫയുമെല്ലാം മലയാളം ഉള്ളിടത്തോളം ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍. കുസൃതി കുഞ്ഞബ്ദുല്ലയ്ക്ക് സ്വന്തം പ്രതിഭയ്‌ക്കൊപ്പം കുരുത്തതാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട് മദ്യപാനം നിര്‍ത്താന്‍ പ്രധാന കാരണം കുഞ്ഞബ്ദുല്ലയുടെ ഒരു കുസൃതിയാണെന്നു കേട്ടിട്ടുണ്ട്. കൊച്ചിയില്‍ സി പി ശ്രീധരന്റെ മകളുടെ വിവാഹസല്‍ക്കാരവേളയില്‍ സൃഷ്ടിച്ച വാക്കുകള്‍ക്കതീതമായ നുരയുന്ന കുസൃതി കണ്ട് വിഐപികള്‍ മുഖം ചുളിച്ചു. ചുള്ളിക്കാട് അന്നു തീരുമാനിച്ചു. ഇനി മദ്യപിക്കില്ല. തുടര്‍ന്നാണ് അയാള്‍ ബുദ്ധമതം ശീലിച്ചത്. അപ്പത്തരങ്ങള്‍ തന്റെ സാഹിത്യരചനകളില്‍ കുഞ്ഞബ്ദുല്ല ലബ്ധപ്രതിഷ്ഠമാക്കി. എന്നാല്‍, പുനത്തില്‍ ഏതു കൃതിയിലും, ഒരു മിനിക്കഥയില്‍ പോലും കരള്‍ പൊരിച്ചതും തേങ്ങാപ്പാലില്‍ മുക്കിയ അരിപ്പത്തിരിയും ഒതുക്കും. കപ്പ കേരളീയരുടെ ദേശീയ ഭക്ഷണമാണെങ്കില്‍ അതു പുഴുങ്ങി ഉടച്ച് രണ്ട് പച്ചമുളകും ഇത്തിരി കട്ടത്തൈരും രണ്ട് ഉണക്കമുള്ളനും ഞെരടി പിഴിഞ്ഞാല്‍ കുമ്പനാട്ടെ ക്രിസ്ത്യാനിയുടെ കുശാല്‍ വിഭവമായി. കപ്പ മസാലയിട്ട് ഉടച്ച് നല്ല നെയ്മത്തിയും ചേര്‍ത്ത് കട്ടന്‍കാപ്പിക്കൊപ്പം ആസ്വദിച്ചാല്‍ നായരുടെ വിഭവമായി. എന്നു തുടങ്ങി ഭക്ഷണകാര്യങ്ങളില്‍ സ്വന്തം കൃതികളെ മസ്തിഷ്‌കത്തിലുപരി ആമാശയത്തോടും അതുവഴി ആശയപരമായും വികസിപ്പിച്ചെടുത്ത അപൂര്‍വം എഴുത്തുകാരില്‍ ഒരാള്‍. അത് കുഞ്ഞബ്ദുല്ല മാത്രമായിരുന്നു. ''സന്ധ്യ. പേടിപ്പെടുത്തുന്ന സന്ധ്യ. പകലിന്റെ മരണത്തിനും രാത്രിയുടെ ജനനത്തിനുമിടയ്ക്കുള്ള അസഹ്യ നിമിഷങ്ങള്‍...'' ''പുതുതായി എത്തിയ ആറ് ന്യൂ ഡിവിഷന്‍ ഗ്ലാസുകള്‍. ഇഎംഎസ്, കാന്തപുരം, ഗാര്‍സിയ മാര്‍കേസ്, കാവ്യാ മാധവന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ജോര്‍ജ് ബുഷ് എന്നീ പേരുകളിലാണ്. പേരുകള്‍ വെറുതെ ഇട്ടിരിക്കുന്നതല്ല. നിങ്ങള്‍ ഇഎംഎസിന്റെ പേരുള്ള കണ്ണട വാങ്ങി ധരിച്ചാല്‍, നിങ്ങളുടെ വീക്ഷണം ഇഎംഎസിന്റേതാവും...'' ''അയാള്‍ ഇപ്പോള്‍ എവിടെയാണ്! സത്യവിശ്വാസികള്‍ക്കായി നീക്കിവച്ചിട്ടുള്ള തോട്ടത്തിലൂടെ ഉലാത്തുന്നുണ്ടാവും. അവിടെ രാപ്പാടികള്‍ ഉണ്ടാവുമോ? വെളുത്ത വാവും കറുത്ത വാവും കറുത്ത പാറക്കെട്ടുകളും ഉണ്ടാവുമോ...?'' ''അടുത്ത ആലയില്‍ നിന്ന് ഇണപ്പോര് കിട്ടിയ പശു അപ്പോഴും മുക്രയിട്ടുകൊണ്ടിരുന്നു. പശുവിന്റെ വലിയ കണ്‍കോണുകളില്‍ സംഗമാവേശത്തിന്റെ തണ്ണീര്‍ത്തുള്ളികള്‍ കണ്ടു. പിന്‍കാലുകളിലൂടെ ഇന്ദ്രിയത്തിന്റെ മദജലവും. വൃഷ്ണങ്ങള്‍ ഉടഞ്ഞുപോയ മൂരികള്‍ തൊട്ടടുത്ത തൊഴുത്തില്‍ നിന്നു പശുവിന്റെ പരാക്രമങ്ങള്‍ നിസ്സഹായരായി നോക്കിനിന്നു.'' ''ഇതാണ് എയ്‌പെക്‌സ്. അതായത് ഹൃദയത്തിന്റെ ഏറ്റവും താഴ്ന്ന കൂര്‍ത്ത അറ്റം. ഇവിടെ ചെവി വട്ടംപിടിച്ചു നിന്നാല്‍ ഹൃദയത്തിന്റെ നേരിട്ട മിടിപ്പു കേള്‍ക്കാം...'' ''ജനലഴികളിലൂടെ കള്ളന്റെ ചൂടുള്ള നിശ്വാസം ശ്രീലതയുടെ മാറില്‍ തട്ടി. അവളുടെ ദേഹത്തു കൂടെ ഒരു വിറ പാഞ്ഞു. ഒരു തുണ്ടു കടലാസ് അവളുടെ കൈയില്‍ കിട്ടി. എന്നെ കുടുക്കാനാണോ ഭാവം? വേല കൈയിലിരിക്കട്ടെ എന്നു കള്ളന്‍...'' ''മച്ചിനു താഴെ പൂമുഖത്തും പുറക്കെട്ടിലും തൂങ്ങിക്കിടക്കുന്ന പച്ചയും മഞ്ഞയും ചുവപ്പും നീലയും നിറങ്ങളിലുള്ള അനവധി ഗ്ലോബുകളും പനിനീര്‍ കുടയുന്ന കുപ്പികളും ഭക്ഷണം കഴിക്കുന്ന പാത്രങ്ങളും ഗ്ലാസുകളും. എല്ലാം ബര്‍മയില്‍ നിന്നുള്ളതാണ്. സാണ്‍, വസ്സി, പിഞ്ഞാണം, കോപ്പ, കൈപ്പിഞ്ഞാണം, തൈക്കിച്ചി സ്ഫടിക ഗ്ലാസ് എന്നീ പേരുകളില്‍ ഇവയെല്ലാം അറിയപ്പെട്ടു...'' ''പുതിയാപ്പിള അതിരാവിലെ കഴിച്ച രണ്ട് മുട്ടയിലും നെയ്യില്‍ വാട്ടിയ നേന്ത്രപ്പഴത്തിലും 10 കിലോമീറ്റര്‍ ഓടാനുള്ള ഊര്‍ജമുണ്ട്. 25 വയസ്സായ, ദേഹമനങ്ങാതെ ജോലിചെയ്യുന്ന അയാള്‍ക്ക് അതിരാവിലെ ശാപ്പാടാക്കിയ ആ ഭക്ഷണം മതി ഒരു ദിവസം മുഴുവന്‍ നിലനില്‍ക്കാന്‍...'' ''പ്രസിഡന്റ് തന്നെയാണ് അന്ന് മദ്യം വിളമ്പിയത് (രാഷ്ട്രപതി കെ ആര്‍ നാരായണന്‍). കഴുകിത്തുടച്ചു വൃത്തിയാക്കി വച്ച പളുങ്ക് ഗ്ലാസുകളില്‍ 30 മില്ലി വീതം ബ്ലാക്ക് ലേബല്‍ വിസ്‌കി ഒഴിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ഐ ആം ബെറ്റര്‍ മേന്‍ ദാന്‍ പ്രസിഡന്റ്.'' കുഞ്ഞബ്ദുല്ലയുടെ പ്രതിഭാരഹസ്യം ഈ ഒന്‍പത് രചനകളിലുമുണ്ട്്. ആ മഹത്തായ കുസൃതികളും... പ്രിയപ്പെട്ട കുഞ്ഞിക്കാ,  വടകരയില്‍ പി ടി അബ്ദുര്‍റഹിമാന്റെ മയ്യത്തിനരികില്‍ നാം നില്‍ക്കുന്നു. പുറത്തിറങ്ങിയപ്പോള്‍ കൂടുതല്‍ ചുവന്ന ആ ചുണ്ട് ഒന്നുകൂടി കടിച്ച് മെല്ലെ മൊഴിയുന്നു: ''എഴുത്തുകാരന്‍ മരിച്ചാല്‍ അയാളുടെ കൃതികളിലെ ചില നല്ല വരികളെഴുതിവേണം സ്മരണ എഴുതേണ്ടത്.'' ഉറക്കെ ഒരു ചിരിയും. ഞാനിതാ കുഞ്ഞിക്കയുടെ മരണത്തില്‍ അങ്ങനെയൊരു സ്മരണാഞ്ജലി തയ്യാറാക്കിയിരിക്കുന്നു.

RELATED STORIES

Share it
Top