സ്പീക്കര്‍ക്ക് അര ലക്ഷത്തിന്റെ കണ്ണട; ചികില്‍സ ചെലവ് 4.25 ലക്ഷം

കൊച്ചി: സര്‍ക്കാര്‍ ചെലവില്‍ വന്‍ വിലയ്ക്ക് കണ്ണട വാങ്ങിയതിനെച്ചൊല്ലി ആരോഗ്യ മന്ത്രി കെകെ ശൈലജക്ക് പിന്നാലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും വിവാദത്തില്‍.

49,900 രൂപയാണ് കണ്ണട വാങ്ങാന്‍ റീഇംബേഴ്‌സ്‌മെന്റ് പ്രകാരം സ്പീക്കര്‍ സര്‍ക്കാറില്‍നിന്ന് കൈപ്പറ്റിയത്. കണ്ണടയുടെ ലെന്‍സിന് 45,000 രൂപയും ഫ്രെയിമിന് 4900 രൂപയും സ്പീക്കര്‍ ചെലവഴിച്ചതായി നിയമസഭ സെക്രട്ടറിയേറ്റില്‍നിന്ന് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നതായി റിപ്പോര്‍ട്ടുണ്ട്.

ചെലവ് ചുരുക്കി സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് സ്പീക്കറുടെ ആഡംബര കണ്ണടയുടെ വിവരങ്ങള്‍ പുറത്തുവന്നത്. കണ്ണടക്കായി കെകെ ശൈലജ കൈപ്പറ്റിയത് 28,000 രൂപയായിരുന്നു

ഒരു ടേമില്‍ ഒരു കണ്ണട വാങ്ങാന്‍ നിയമസഭാംഗത്തിന് അനുമതിയുണ്ടെന്നും ഡോക്ടര്‍ നിര്‍ദേശിച്ച ലെന്‍സാണ് വാങ്ങിയതെന്നുമാണ് ശ്രീരാമകൃഷ്ണന്റെ വിശദീകരണം. ഫെയ്രിമിന്റെ വില പരിധി കടക്കാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2016ഫ17ല്‍ നിയമസഭാംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് റീഇംബേഴ്‌സമെന്റ് ഇനത്തില്‍ 1,84,46,872 രൂപ കൈപ്പറ്റിയതായാണ് കണക്ക്.

RELATED STORIES

Share it
Top