സ്പിരിറ്റ്‌വേട്ട: എക്‌സൈസ് ഗാര്‍ഡിനായി തിരച്ചില്‍ ഊര്‍ജിതം

അടൂര്‍: മണക്കാല താഴത്തുമണ്ണിലെ വ്യാജമദ്യനിര്‍മാണ യൂനിറ്റിനു പിന്നിലെ പ്രധാന പ്രതിയെന്ന് കരുതുന്ന മുന്‍ എക്‌സൈസ് ഗാര്‍ഡിനുവേണ്ടി പോലിസ് അന്വേഷണം വ്യാപകമാക്കി. റെയ്ഡിനു പോലിസ് എത്തുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഇയാള്‍ ഓടിരക്ഷപെട്ടതിലും ദുരൂഹതയുണ്ട്. കറ്റാനം സ്വദേശിയായ ഹാരി ജോണാ(കിഷോര്‍) ണ് കേസിലെ പ്രധാന പ്രതിയെന്ന് പോലിസ് പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ഇയാള്‍ പോലിസിനെ കണ്ടു രക്ഷപെടുകയായിരുന്നുവെന്ന് പറയുന്നു.
എക്‌സൈസ് വകുപ്പില്‍ ഗാര്‍ഡായിരുന്ന ഇയാളെ സ്പിരിറ്റ് ലോബിയുമായുള്ള ബന്ധത്തേ തുടര്‍ന്ന് സര്‍വീസില്‍ നിന്നു പിരിച്ചുവിടുകയായിരുന്നു. മദ്യം പിടികൂടിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെട്ടിടം ഉടമ എബി റിമാന്റിലാണ്. മണക്കാല താഴത്തുമണ്ണില്‍ വീടിനോടു ചേര്‍ന്ന പഴയകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്ന വ്യാജവിദേശമദ്യ നിര്‍മിത യൂനിറ്റിലാണ് പോലീസ് റെയ്ഡു നടത്തിയത്. മദ്യശേഖരവും ഇത് നിര്‍മിക്കുന്നതിനുള്ള അനുബന്ധ സാമഗ്രികളും പോലിസ് കണ്ടെടുത്തു.
ഒരു ലിറ്റര്‍ വീതമുള്ള 165 ബോട്ടില്‍ വ്യാജ ജവാന്‍ റമ്മും, 840 ലിറ്റര്‍ സ്പിരിറ്റും കുപ്പികളില്‍ നിറയ്ക്കാനായി വലിയ കന്നാസില്‍ തയാറാക്കിയ 200 ലിറ്ററോളം മദ്യവും കണ്ടെടുത്തു. സ്പിരിറ്റിനെ ജവാന്‍ മദ്യമാക്കി മാറ്റുന്നതിന് ഉപയോഗിച്ചുവന്ന കെമിക്കല്‍, എസന്‍സ്, കുപ്പികള്‍ സീല്‍ചെയ്യുന്നതിനുള്ള യന്ത്രങ്ങള്‍, വ്യാജലേബലുകള്‍ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്.
സ്ഥലത്തുനിന്നും മദ്യം കടത്താന്‍ ഉപയോഗിച്ചുവന്ന ഒരു ഇന്നോവ കാറും, മാരുതി കാര്‍, ഒരു ബൈക്ക് എന്നിവയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നോവയ്ക്കുള്ളില്‍ നിന്നും രണ്ട് കന്നാസ് സ്പിരിറ്റ് കണ്ടെത്തിയിട്ടുണ്ട്.
ഒരുവര്‍ഷത്തിലേറെയായി സ്ഥലത്തു വ്യാജമദ്യനിര്‍മാണം നടന്നിരുന്നതായാണ് പോലിസ് പറയുന്നത്. എക്‌സൈസിന്റേയും പോലിസിന്റേയും കണ്ണുവെട്ടിച്ച് നടന്നുവന്ന വ്യാജമദ്യനിര്‍മാണത്തിലും സ്പിരിറ്റ് കടത്തലിനും പിന്നില്‍ ഉന്നതതല സ്വാധീനം ഉണ്ടായിരുന്നതായാണ് സംശയം.

RELATED STORIES

Share it
Top