സ്പിന്നില്‍ തകര്‍ന്ന് ദക്ഷിണാഫ്രിക്ക; ശ്രീലങ്കയ്ക്ക് കൂറ്റന്‍ ലീഡ്കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ശ്രീലങ്ക പടുത്തുയര്‍ത്തിയ 338 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 124 റണ്‍സിനാണ് കൂടാരം കയറിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അഖില ധനഞ്ജയ, നാല് വിക്കറ്റ് വീഴ്ത്തിയ ദില്‍റൂവന്‍ പെരേര എന്നിവരുടെ ബൗളിങാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 214 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ശ്രീലങ്ക രണ്ടാം ദിനം കളി പിരിയുമ്പോള്‍ മൂന്ന് വിക്കറ്റിന് 151 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റുകള്‍ കൈയിലിരിക്കെ നിലവില്‍ 365 റണ്‍സിന്റെ ലീഡാണ് ശ്രീലങ്കയ്ക്കുള്ളത്.
ഇന്നലെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് വേണ്ടി അഖില ധനഞ്ജയ (43*) , രങ്കണ ഹരാത്ത് (35) കൂട്ടുകെട്ട് കരുത്തുകാട്ടിയതോടെ 338 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ടീമെത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 74 റണ്‍സാണ് അവസാന വിക്കറ്റില്‍ ലങ്കയ്ക്ക് സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ഒരു ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമാണ് മഹാരാജ്. 1957ല്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ടയ്ഫീല്‍ഡും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
ശ്രീലങ്കയുടെ ഭേദപ്പെട്ട സ്‌കോറിന് മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ നിരയ്ക്ക് തുടക്കം മുതല്‍ പിഴച്ചു. അക്കൗണ്ട് തുറക്കും മുമ്പേ ഓപണര്‍ ഡീന്‍ എല്‍ഗറെ (0) ധനഞ്ജയ കൂടാരം കയറ്റി. തൊട്ടുപിന്നിലെ ത്യൂനിസ് ഡി ബ്രൂയിന്‍ (3), എയ്ഡന്‍ മാര്‍ക്രം (7) എന്നിവരും മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 15 എന്ന നിലയിലേക്ക് തകര്‍ന്നു. എന്നാല്‍ നാലാം വിക്കറ്റിലൊത്തുകൂടിയ ഹാഷിം അംലയും (19) ഫഫ് ഡുപ്ലെസിസും (48) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അംലയെ മടക്കി പെരേര കൂട്ടുകെട്ട് പൊളിച്ചു. മികച്ച സ്‌കോര്‍ കണ്ടെത്താനായില്ലെങ്കിലും 9000 ടെസ്റ്റ് റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടാണ് അംല ക്രീസ് വിട്ടത്.
പിന്നീട് ക്വിന്റന്‍ ഡീകോക്ക് (32) നേരിയ ചെറുത്ത് നില്‍പ്പ് കാഴ്ചവച്ചെങ്കിലും ഒരു വശത്ത് വിക്കറ്റ് പിഴുത ലങ്കന്‍ സ്പിന്നര്‍മാര്‍ സന്ദര്‍ശകരെ നാണംകെട്ട സ്‌കോറിലേക്ക് ഒതുക്കുകയായിരുന്നു. ലീഡിന്റെ ആധിപത്യത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ലങ്കയ്ക്ക് വേണ്ടി ധനുഷ്‌ക ഗുണതിലക (61), ദിമുത് കരുണരത്‌ന (59*) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. സ്റ്റംപെടുക്കുമ്പോള്‍ കരുണ രത്‌നയ്‌ക്കൊപ്പം ഏഞ്ചലോ മാത്യൂസാണ് (12*) ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ കേശവ് മഹാരാജ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

RELATED STORIES

Share it
Top