സ്പിന്നിങ് മില്ല് എംഡി നിയമനം: ഹൈക്കോടതി വിശദീകരണം തേടി

മലപ്പുറം: സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സഹകരണ സ്പിന്നിങ് മില്ലുകളില്‍ മാനേജിങ് ഡയറക്ടര്‍ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിട്ട് ഹരജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി വ്യവസായ വകുപ്പ് സെക്രട്ടറി, ഹാന്‍ഡ്‌ലൂം ഡയറക്ടര്‍, വിജിലന്‍സ് ഡയറക്ടര്‍ എന്നിവരോട് വിശദീകരണം തേടി നോട്ടീസ് അയച്ചു.
2018 ഏപ്രില്‍ 3നു വ്യവസായ വകുപ്പ് കുറ്റിപ്പുറം മലബാര്‍ കോ-ഓപറേറ്റീവ് ടെക്സ്റ്റയില്‍സ് ലിമിറ്റഡില്‍ (മാല്‍കോടെക്‌സ്) കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്ലിലെ ജനറല്‍ മാനേജറെയും തൃശൂര്‍ സഹകരണ സ്പിന്നിങ് മില്ലില്‍ ആലപ്പി കോ-ഓപറേറ്റീവ് സ്പിന്നിങ് മില്ലിന്റെ ജനറല്‍ മാനേജറെയും മാനേജിങ് ഡയറക്ടറുടെ അധികച്ചുമതലയില്‍ നിയമിച്ചിരുന്നു. തൃശൂര്‍ സഹകരണ സ്പിന്നിങ് മില്ലിന്റെ അംഗീകൃത ഫീഡര്‍ കാറ്റഗറി റൂള്‍ പ്രകാരം മാനേജിങ് ഡയറക്ടറെ സര്‍ക്കാര്‍ സര്‍വീസിലുള്ളവരെ മാത്രം ഡെപ്യൂട്ടേഷനിലൂടെ നിയമിക്കാമെന്നാണ്. എന്നാല്‍, പുതിയ നിയമനം നല്‍കിയ ആള്‍ മലപ്പുറം സഹകരണ സ്പിന്നിങ് മില്ല് ജീവനക്കാരന്‍ മാത്രമാണ്.
കുറ്റിപ്പുറം മാല്‍കോടെക്‌സിലെ ബൈലോ വ്യവസ്ഥ പ്രകാരം ഫുള്‍ടൈം മാനേജിങ് ഡയറക്ടറെ സര്‍ക്കാരിനു നേരിട്ട് നിയമിക്കാമെന്നാണ്. എന്നാല്‍, പത്രപരസ്യമോ ഇന്റര്‍വ്യൂവോ ഒന്നും നടത്താതെ 2011ല്‍ മാത്രം സഹകരണ മേഖലയില്‍ ജോലിയില്‍ പ്രവേശിച്ചതും കൂടാതെ ജൂനിയറും ടെക്സ്റ്റയില്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ മാത്രമുള്ള ഒരാളെ പിന്‍വാതില്‍ നിയമനം നടത്തിയിരിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  മില്ലുകളുടെ അംഗീകൃത ഫീഡര്‍ കാറ്റഗറി റൂള്‍, ബൈലോയിലെ വ്യവസ്ഥ, വിജിലന്‍സ് ക്ലിയറന്‍സ്- ഇവയൊന്നും ഇല്ലാതെയാണ് പി എസ് ശ്രീകുമാര്‍, സി ആര്‍ രമേഷ് എന്നിവര്‍ ആലപ്പി, തൃശൂര്‍, മാല്‍കോടെക്‌സ്, കണ്ണൂര്‍ എന്നീ നാല് സഹകരണ സ്പിന്നിങ് മില്ലുകളില്‍ എംഡിയായും ജിഎമ്മായും തുടരുന്നത്.
വിജിലന്‍സ് ക്ലിയറന്‍സ് ഹാജരാക്കാത്തതിന് എഫ്‌ഐടി ആലുവയുടെ എംഡിയെ 2017ല്‍ സര്‍ക്കാര്‍ നീക്കം ചെയ്ത ഉത്തരവും സമാന യോഗ്യതയില്ലാതെ കണ്‍സ്യൂമര്‍ഫെഡ് എംഡി നിയമനം ഹൈക്കോടതി റദ്ദാക്കിയ വിധിന്യായവും ക്വാട്ട് ചെയ്താണ് റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത്. വ്യവസായ വകുപ്പ് സെക്രട്ടറി, ഹാ ന്‍ഡ്‌ലൂം ഡയറക്ടര്‍, വിജിലന്‍സ് ഡയറക്ടര്‍, അഞ്ച് സഹകരണ സ്പിന്നിങ് മില്ലുകള്‍, പി എസ് ശ്രീകുമാര്‍, സി ആര്‍ രമേശ് ഉള്‍പ്പെടെ 10 എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.

RELATED STORIES

Share it
Top