സ്ഥിരം സമിതി അധ്യക്ഷരടക്കം 6 കൗണ്‍സിലര്‍മാരെ പുറത്താക്കി

ജോസ് മാളിയേക്കല്‍

കുന്നംകുളം: കുന്നംകുളം നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷരടക്കം 6 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി സ്ഥിരം സമതി തിരഞ്ഞെടുപ്പില്‍ ബി ജെ പിയോടൊപ്പം സഹകരിച്ചതിന് നടപടി നേരിട്ടവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഷാജി ആലിക്കല്‍, ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുമ ഗംഗാധരന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മിഷ സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ കെ കെ ആനന്ദന്‍, നിഷ ജയേഷ്, ഇന്ദിര ശശികുമാര്‍ എന്നിവരെയാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പുറത്താക്കിയത്.
ബിജെപി പിന്തുണയോടെ നേടിയ സ്ഥാനമാനങ്ങള്‍ രാജിവെച്ച് പാര്‍ട്ടി നടപടികളില്‍ നിന്നും ഒഴിവാകാന്‍ കെ പി സി സി നല്‍കിയ അവസാന ആജ്ഞയും നിരാകരിക്കപെട്ടതോടെയാണ് ആറ് കൗണ്‍സിലര്‍മാരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ഡി സി സി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ കത്ത് നല്‍കിയത്. കത്തുകള്‍ കൗണ്‍സിലര്‍മാര്‍ കൈപറ്റി.
മാര്‍ച്ച് 31 വരേയായിരുന്നു ഇവര്‍ക്ക് നല്‍കിയിരുന്ന കാലാവധി. ഇനി ഇവരുടെ കൗണ്‍സിലര്‍ സ്ഥാനം അയോഗ്യമാക്കണമെന്നാവശ്യപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ബി ജെ പിയുമായി സഹകരിച്ചുവെന്ന് കാണിച്ച് സസ്‌പെന്റ് ചെയ്ത അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ രണ്ടരവര്‍ഷം സമയം വേണ്ടിവന്നു എന്നതിനാല്‍ കൂടുതല്‍ നടപടികള്‍ എത്തും മുന്‍പേ കൗണ്‍സില്‍ കാലാവധി തീരുമെന്ന പ്രതീക്ഷയിലാണ് വിമത കൗണ്‍സിലര്‍മാര്‍. മാത്രമല്ല പാര്‍ട്ടി തീരുമാനങ്ങള്‍ ചൂണ്ടിക്കാണിച്ച് സ്ഥിരം സമിതി തിരഞ്ഞെടുപ്പിലോ മുന്‍പോ ശേഷമോ ഇവര്‍ക്ക് വിപ്പ് നല്‍കിയിട്ടുമില്ല.
കൗണ്‍സില്‍ യോഗങ്ങളില്‍ തീരുമാനങ്ങള്‍ കൈകൊള്ളുന്നതിനോ ചര്‍ച്ച ചെയ്യുന്നതിനോ പാര്‍ലിമന്ററി പാര്‍ട്ടിയും രൂപീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നേതൃത്വത്തിന് തങ്ങള്‍ക്കതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വിജയം നേടാനാകില്ലെന്നാണ് ഇവരുടെ തികഞ്ഞ വിശ്വാസം. ഒപ്പം വിഷയങ്ങള്‍ ധരിപ്പിച്ച് അഖിലേന്ത്യാ നേതൃത്വത്തിന് പരാതി നല്‍കുകയും എ കെ ആന്റണിയോട് നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇതുവഴി പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിമത വിഭാഗത്തിലെ ഷാജി ആലിക്കല്‍ പറഞ്ഞു. പാര്‍ട്ടി കൗണ്‍സിലര്‍മാരെ രണ്ട് തട്ടില്‍ നിര്‍ത്താന്‍ കാരണമായത് പ്രദേശിക നേതൃത്വത്തിന്റെ കഴിവ് കേടാണെന്നും നടപടിയെടുക്കുന്നതിന് മുന്‍പ് വിപ്പ് നല്‍കാന്‍പോലും മറന്നുപോയ പാര്‍ട്ടി നേതൃത്വം മറുപടി പറയേണ്ടിവരുമെന്നതുമുള്‍പടേയുള്ള പ്രതിഷേധ സ്വരങ്ങള്‍ ഔദ്യോഗിക പക്ഷത്ത് നിന്നു തന്നെ ഉയരുന്നുണ്ട്. ശനിയാഴ്ച രാത്രിയാണ് കത്ത് ലഭിച്ചതെന്നതിനാല്‍ തിങ്കളാഴ്ച ഇത് സംബന്ധിച്ച് ഇരുവിഭാഗത്തിന്റേയും ഔദ്യോഗിക വിശദീകരണം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

RELATED STORIES

Share it
Top