സ്ഥിരം നിരീക്ഷണമില്ല; ചൂതാട്ട ലഹരിയില്‍ എഴുത്തു ലോട്ടറി വീണ്ടും സജീവമാവുന്നു

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: സര്‍ക്കാര്‍ ലോട്ടറിക്കു സമാന്തരമായി നിയമവിരുദ്ധ എഴുത്തുലോട്ടറി വീണ്ടും സംസ്ഥാനത്തു ചുവടുറയ്ക്കുന്നു. ചൂതാട്ട ലഹരിയില്‍ നിരവധി പേരെ ആകര്‍ഷിക്കുന്ന എഴുത്തു ലോട്ടറി ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് പോലിസ് അന്വേഷണത്തില്‍ നേരത്തെ തെളിഞ്ഞതാണ്. സ്ഥിരം നിരീക്ഷണ സംവിധാനങ്ങളില്ലാത്തതാണ് ലോട്ടറി ചൂതാട്ടത്തിനു കളമൊരുക്കുന്നത്. ലോട്ടറി വില്‍പ്പന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും പ്രത്യേക മൊബൈല്‍ യൂനിറ്റുകള്‍ക്ക് രൂപംനല്‍കിയും വാട്‌സ്ആപ്പും പ്രത്യേക ആപ്ലിക്കേഷന്‍ വഴിയുമാണ് എഴുത്തു ലോട്ടറി ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
സംസ്ഥാന ലോട്ടറിയുടെ സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ അവസാന മൂന്നക്കം മുന്‍കൂട്ടി പ്രവചിക്കുന്നതാണ് രീതി. ഇതിന് പണം വാങ്ങി അക്കങ്ങള്‍ എഴുതി വാങ്ങും. നറുക്കെടുപ്പിനു ശേഷം ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പറിന്റെ അവസാന മൂന്നക്കങ്ങള്‍ പ്രവചിച്ചവര്‍ക്ക് 5,000 രൂപ, രണ്ടാം സമ്മാനത്തിന് 500 രൂപ, മൂന്നും നാലും സമ്മാനങ്ങള്‍ക്ക് യഥാക്രമം 250, 100 രൂപ എന്നിങ്ങനെയാണ് നല്‍കുന്നത്. പ്രവചന അക്കങ്ങള്‍ കടലാസില്‍ എഴുതിനല്‍കലായിരുന്നു നേരത്തെ നിലവിലുണ്ടായിരുന്നത്. നിയമനടപടികള്‍ വര്‍ധിച്ചതോടെയാണ് മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കാവുന്ന പ്രത്യേക സോഫ്റ്റ്—വെയറുകള്‍ ഇതിനായി രൂപകല്‍പന ചെയ്തിരിക്കുന്നത്.
സര്‍ക്കാരിനെ വിദഗ്ധമായി കബളിപ്പിച്ചാണ് ആധുനിക സാങ്കേതികവിദ്യയുപയോഗിച്ചുള്ള ചൂതാട്ടം. യൂസര്‍ നെയിമും പാസ്‌വേഡും നല്‍കിയാണ് സോഫ്റ്റ്‌വെയര്‍ ലോഗിന്‍ ചെയ്യുന്നത്. ഇതില്‍ പ്രവചിക്കുന്ന അക്കങ്ങള്‍ ടൈപ്പ് ചെയ്തു നല്‍കാം. ലഹരി ഉപയോഗം പോലെ പലരും ഈ ചൂതാട്ടത്തില്‍ ആകൃഷ്ടരായി നിരന്തരം പണം നഷ്ടപ്പെടുത്തുന്നുണ്ട്. ലോട്ടറി ടിക്കറ്റെടുക്കുന്ന പണം എഴുത്തുലോട്ടറിക്കു വേണ്ടി എന്നതാണ് മുഖ്യ ആകര്‍ഷണം. ഒന്നില്‍ കൂടുതല്‍ തവണ പണം നല്‍കി അക്കങ്ങള്‍ എഴുതിനല്‍കുന്നതിനും തടസ്സമില്ല. ഒരിക്കല്‍ പണം ലഭിക്കുന്നതോടെ കുട്ടികളടക്കമുള്ളവര്‍ ഇതിന്റെ സ്ഥിരം ഇരകളായി മാറുന്നു. പിന്നീട് പണം ലഭിച്ചില്ലെങ്കിലും അക്കങ്ങള്‍ പ്രവചിക്കാന്‍ പണം മുടക്കുന്ന പ്രവണത ഇത്തരക്കാരില്‍ വര്‍ധിക്കുന്നു. വിദ്യാര്‍ഥികള്‍ക്കു പുറമെ സാധാരണ തൊഴിലാളികളും ഡ്രൈവര്‍മാരും ഇതരസംസ്ഥാന തൊഴിലാളികളുമാണ് പ്രധാനമായും ഇതിന് ഇരകളായിരുന്നത്.
മാസങ്ങള്‍ക്കു മുമ്പ് എഴുത്തു ലോട്ടറി ചൂതാട്ടത്തിനെതിരേ സംസ്ഥാനവ്യാപകമായി പോലിസ് പരിശോധന നടത്തിയിരുന്നു. അന്ന് വിവിധ ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത 49 കേസുകളില്‍ 35 കേസുകളും മലപ്പുറം ജില്ലയില്‍ നിന്നാണ്. മലപ്പുറം സബ്ഡിവിഷനില്‍ മാത്രം പോലിസ് 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നും നിരീക്ഷണവും നടപടികളുമുണ്ടാവുമെന്ന് പോലിസ് സേന അറിയിച്ചിരുന്നെങ്കിലും കാര്യമായ ഇടപെടല്‍ ഈ മേഖലയിലുണ്ടായില്ല. ഇതാണ് ലോട്ടറി ചൂതാട്ടം സജീവമാവാന്‍ പ്രധാന കാരണം. ആസൂത്രിതമായി നടക്കുന്ന ഈ ചൂതാട്ടത്തിനു പിന്നില്‍ വന്‍ ലോബിതന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഈ ദിശയിലും തുടരന്വേഷണങ്ങള്‍ പിന്നീട് ഫലപ്രദമായില്ല.

RELATED STORIES

Share it
Top