സ്ഥിരംസമിതി ചെയര്‍മാന്‍മാര്‍ക്കെതിരേ യുഡിഎഫ് അവിശ്വാസം

പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ നാല് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ന്മാന്‍മാര്‍ക്കെതിരെ യുഡിഎഫ് അവിശ്വാസപ്രമേയത്തിന്  നോട്ടീസ് നല്‍കി. നഗരകാര്യ ഉപ ഡയറക്ടറുടെ ചുമതല വഹിക്കുന്ന കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറി കൂടിയായ മൃണ്‍മയി ജോഷിക്കാണ് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. മരാമത്ത്, വികസനം, ആരോഗ്യം, ക്ഷേമം സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ന്മാന്‍മാര്‍ക്കെതിരെ യഥാക്രമം കൗണ്‍സിലര്‍മാരായ ബി സുഭാഷ്, എം മോഹന്‍ബാബു, കെ മണി, വി മോഹനന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ് കമ്മിറ്റിക്കെതിരെ അടുത്ത അഴ്ചയും അതിനുശേഷം ചെയര്‍മാനും വൈസ് ചെയര്‍മാനുമെതിരെയും അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. നോട്ടീസ് നല്‍കിയതോടെ രണ്ടാഴ്ച്ചയ്ക്കകം കൗണ്‍സില്‍ വിളിച്ച് അവിശ്വാസത്തിന്‍മേല്‍ ചര്‍ച്ചയുണ്ടാവും.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരുന്നതിന് മുന്നേ നഗരസഭ ഭരണമാറ്റത്തിന് കളമൊരുക്കാന്‍ യുഡിഎഫ് അംഗങ്ങള്‍ വര്‍ക്കിങ് ഗ്രൂപ്പ് അധ്യക്ഷ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവായിരുന്നു.
ആറ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നാണ് അംഗങ്ങളായ കെ ഭവദാസ്, കെ ചെമ്പകം, വി രഞ്ചിത്ത്, എം മോഹന്‍ബാബു, റസീന ബഷീര്‍, ഡോ. ഹാസില എന്നിവര്‍ കഴിഞ്ഞ ആഴ്ച രാജിവച്ചത്. നഗരസഭയിലെ 52 അംഗങ്ങളില്‍ ബിജെപിക്ക് 24ഉം യുഡിഎഫിന് 18ഉം എല്‍ഡിഎഫ് 9ഉം വെല്‍ഫെയര്‍ പാര്‍ട്ടി ഒന്നുമാണ് അംഗങ്ങളുള്ളത്.

RELATED STORIES

Share it
Top