സ്ഥിതിവിവര പഠനം നടത്തി റിപോര്‍ട്ട് നല്‍കും

പത്തനംതിട്ട: പ്രളയാനന്തരം സംസ്ഥാനത്തിന്റെ മനസ്സ് പഠിക്കാന്‍ സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സ്ഥിതിവിവര പഠനം നടത്തും. ഒക്ടോബര്‍ രണ്ടിന് തുല്യതാ പഠിതാക്കളുടെ നേതൃത്വത്തിലാണ് ഓരോ ജില്ലയിലും സാക്ഷരതാ മിഷന്‍ ഏകദിന സര്‍വേ നടത്തുക. ജില്ലയില്‍ 10ാംതരം, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലെ 1,350 തുല്യതാ പഠിതാക്കളെയാണ് ജനസമ്പര്‍ക്ക പരിപാടി എന്ന നിലയില്‍ സര്‍വേയ്ക്ക് നിയോഗിച്ചിരിക്കുന്നതെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. വി വി മാത്യു പറഞ്ഞു.
പ്രളയാനന്തരം കേരളം എന്ത് ചിന്തിക്കുന്നുവെന്ന് കണ്ടെത്തുകയാണ് സര്‍വേയുടെ മുഖ്യലക്ഷ്യം. കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭം, മാലിന്യസംസ്‌കരണം, പരിസ്ഥിതി സൗഹാര്‍ദജീവിതം, ദുരന്തപ്രതിരോധം എന്നിവയെക്കുറിച്ച് വിവിധ മേഖലകളിലുള്ള ജനവിഭാഗങ്ങളുടെ സാമാന്യധാരണ അറിഞ്ഞ് ഇവ ക്രോഡീകരിച്ച് റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതാണ് സര്‍വേയുടെ രീതി. ഓരോ പഠിതാവും സ്വന്തം വീടിന് സമീപമുള്ള അഞ്ച് വീടുകളില്‍ സര്‍വേ നടത്തണം. കൂടാതെ ഓരോ പഠിതാവും പഠിതാക്കളല്ലാത്ത രണ്ട് പേരെയെങ്കിലും സര്‍വേ ടീമില്‍ ഉള്‍പ്പെടുത്തണം. ഒറ്റ പേജില്‍ ടിക് രേഖപ്പെടുത്താവുന്ന വിധത്തിലാണ് സര്‍വേ ഫോറം തയ്യാറാക്കിയത്. അധിക വിവരങ്ങള്‍ ചേര്‍ക്കാന്‍ ഉണ്ടെങ്കില്‍ സര്‍വേ ഫോറത്തിന്റെ മറുപുറത്ത് ഇതിനുള്ള സൗകര്യവുമുണ്ട്. സര്‍വേയുടെ റിപോര്‍ട്ട് പഠനകേന്ദ്രങ്ങളിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പ്രസിദ്ധീകരിക്കും. സര്‍വേയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സാക്ഷരത തുല്യതാപഠിതാക്കള്‍ക്ക് വേണ്ടി പ്രത്യേക പഠനസാമഗ്രികള്‍ തയ്യാറാക്കുകയും ദുരന്ത പ്രതിരോധത്തെക്കുറിച്ചുള്ള പ്രാഥമികപാഠങ്ങള്‍ തുല്യതാപഠനത്തിന്റെ ഭാഗമാക്കുകയും ചെയ്യും. സ്ഥിതിവിവര പഠനം നടത്തുന്നതിനായി പഠിതാക്കള്‍ക്ക് പ്രത്യേക പരിശീലനം ജില്ലാതലത്തില്‍ നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ ഏഴിനാണ് പഠനകേന്ദ്രതലത്തില്‍ റിപോര്‍ട്ട് തയ്യാറാക്കേണ്ടത്. തുടര്‍ന്ന് ഇവ ക്രോഡീകരിച്ച് എട്ടിന് അന്തിമ റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. 13ന് എല്ലാ ജില്ലകളിലെയും റിപോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തി സമഗ്ര സ്ഥിതിവിവര പഠനറിപോര്‍ട്ട് പ്രകാശനം ചെയ്യും.

RELATED STORIES

Share it
Top