സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് ആര്‍സിസി ഡയറക്ടര്‍

തിരുവനന്തപുരം: ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചത് വഴി രണ്ട് കുട്ടികള്‍ക്ക് എച്ച്‌ഐവി പകര്‍ന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സ്ഥാപന മേധാവി ഡോ. പോള്‍ സെബാസ്റ്റ്യന്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയെയും അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെയുമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ ആരോഗ്യമന്ത്രി പോള്‍ സെബാസ്റ്റ്യനോട് ആവശ്യപ്പെട്ടു.
ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചതുവഴി രണ്ട് കുട്ടികള്‍ക്ക് എച്ച്‌ഐവി പകര്‍ന്ന സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അതേസമയം, വിവാദങ്ങള്‍ കാരണമല്ല താന്‍ സ്ഥാനമൊഴിയുന്നതെന്നാണ് പോള്‍ മന്ത്രിയെയും ആരോഗ്യ സെക്രട്ടറിയെയും അറിയിച്ചിരിക്കുന്നത്.
തൊണ്ട, തല എന്നിവയെ ബാധിക്കുന്ന അര്‍ബുദചികില്‍സയില്‍ വൈദഗ്ധ്യം നേടിയിട്ടുള്ള ഡോ. പോള്‍ സെബാസ്റ്റ്യന്‍ 1985ലാണ് ആര്‍സിസിയില്‍ ചേര്‍ന്നത്. സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയായിരിക്കെ 2009ല്‍ ഡയറക്ടറായി ചുമതലയേറ്റു. പിന്നീട് പലതവണയായി കാലാവധി നീട്ടി നല്‍കുകയായിരുന്നു. ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞാലും 2022ല്‍ വിരമിക്കുന്നതുവരെ അദ്ദേഹത്തിന് വകുപ്പുമേധാവിയായി തുടരാനാവും.

RELATED STORIES

Share it
Top