സ്ഥാനമാനങ്ങള്‍

ആദിവാസി നേതാവ് സി കെ ജാനു എന്‍ഡിഎ മുന്നണി വിട്ടു. തികഞ്ഞ രാഷ്ട്രീയ തീരുമാനം. ആ തീരുമാനത്തിന്റെ പിന്നാമ്പുറത്തേക്കു പോവുമ്പോഴാണ് പല കൗതുകങ്ങളും പുറത്തേക്കു വരുന്നത്. ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാതെ അവഗണിച്ചതാണ് ജാനുവിനെ പ്രകോപിപ്പിച്ചത്. ഇനി യുഡിഎഫുമായും എല്‍ഡിഎഫുമായും എന്‍ഡിഎയുമായിത്തന്നെയും ഈ നേതാവ് ചര്‍ച്ച നടത്തും. സ്ഥാനമാനങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പു കിട്ടിയാല്‍ ഏതെങ്കിലുമൊരു മുന്നണിയില്‍ ചേക്കേറും.
ഛത്തീസ്ഗഡ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ആയിരുന്ന രാംദയാല്‍ ഉയികെയും ഗോത്രവര്‍ഗ നേതാവാണ്. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്ന് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഉയികെ പാര്‍ട്ടി വിടാന്‍ കാരണം ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടിയുമായി കോണ്‍ഗ്രസ് നടത്തുന്ന സഖ്യനീക്കങ്ങളാണ്. അദ്ദേഹം മല്‍സരിക്കാനാഗ്രഹിക്കുന്ന പാലി മണ്ഡലത്തില്‍ ജിജിപിക്ക് കണ്ണുണ്ടത്രേ. സീറ്റ് നഷ്ടപ്പെടുമോ എന്ന പേടിയില്‍ അദ്ദേഹം ബിജെപിയിലേക്ക് കൂറുമാറിയെന്നാണു കഥ.
ദേശീയ-സംസ്ഥാന പാര്‍ട്ടികളുടെയെല്ലാം മുന്നണി ബന്ധങ്ങളില്‍ ഇത്തരം സ്ഥാനമാനമോഹങ്ങള്‍ പ്രകടമായി ദര്‍ശിക്കാം. യുഡിഎഫിലും എല്‍ഡിഎഫിലും നിന്നുകൊണ്ട് മുന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് സേവനമനുഷ്ഠിക്കാന്‍ മടിയില്ലാത്ത നേതാവുണ്ട് നമുക്കിടയില്‍. ബിജെപിയോടും കോണ്‍ഗ്രസ്സിനോടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോടും സഹകരിച്ച് ഭരണം പങ്കിടുന്ന അതിവിചിത്രമായ പാര്‍ട്ടികളുമുണ്ട് നാട്ടില്‍. എല്ലാം സ്ഥാനങ്ങളുടെ പേരില്‍.

RELATED STORIES

Share it
Top