സ്ഥലനാമ രാഷ്ട്രീയം

അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റുകയാണ് യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. കുംഭമേള നടക്കുന്നത് അലഹബാദിലെ പ്രയാഗിലാണ്; അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റുന്നതിലൂടെ, സ്വന്തം പാരമ്പര്യം വീണ്ടെടുക്കുന്നു എന്നാണ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വാദം. മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ ആണ് നഗരത്തിന് അലഹബാദ് എന്ന പേരു നല്‍കിയത്. പേര് മാറ്റുന്നതിലൂടെ അടിമത്തത്തിന്റെ അടയാളങ്ങള്‍ തങ്ങള്‍ തുടച്ചുമാറ്റുന്നു എന്ന് യുപി സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഏതായാലും അല്ലാഹുവിന്റെ പേരില്‍ ഒരു സ്ഥലം മഹാഭാരതത്തില്‍ വേണ്ട.
അലഹബാദിന് ഇസ്‌ലാംമതവുമായി ബന്ധമൊന്നുമില്ലെന്നു പറയുന്ന ചരിത്രകാരന്‍മാരുണ്ട്. ഇലാഹാവാസ് എന്നായിരുന്നുവത്രേ പേര്; അല്ലെങ്കില്‍ ഇലാഹാബാസ്. ആരാധനാമൂര്‍ത്തികളുടെ ആവാസസ്ഥാനം എന്നര്‍ഥം. അക്ബര്‍ ചക്രവര്‍ത്തി സ്ഥാപിച്ച ദീന്‍ ഇലാഹിയോടാണ് ഇസ്‌ലാമിക പാരമ്പര്യത്തോടുള്ളതിനേക്കാള്‍ ഈ പേരിനു ബന്ധം. ഷാജഹാന്റെ കാലം വരെ ഇലാഹാബാസ് എന്നായിരുന്നു പ്രയോഗം. പിന്നീടാണത് ഇലാഹാബാദും അലഹബാദുമായത്. നഗരത്തിലെ ചെറിയൊരു മൊഹല്ല മാത്രമാണ് പ്രയാഗ്.
വേറെയും പേര് മാറ്റങ്ങള്‍ നടക്കുന്നുണ്ട്. മുഗള്‍സരായ് റെയില്‍വേ സ്റ്റേഷന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരിലേക്കു മാറ്റി. ഫൈസാബാദിന്റെ പേര് അയോധ്യയോട് ചേര്‍ത്തുവയ്ക്കുന്നു. ഷിംലയുടെ പേര് ശ്യാമള എന്നു മാറ്റുകയാണ്. മുഗള്‍-മുസ്‌ലിം അടയാളങ്ങള്‍ മായ്ച്ചുകളയുന്നതിന് കൊണ്ടുപിടിച്ചു ശ്രമിക്കുന്ന ആളാണ് സുബ്രഹ്മണ്യന്‍ സ്വാമി.

RELATED STORIES

Share it
Top