സ്ഥലം ലീസിന് നല്‍കുന്നതിനെതിരേ വിദ്യാലയ സംരക്ഷണ സമിതി

കോഴിക്കോട്: സിവില്‍ സ്റ്റേഷന്‍ യുപി സ്‌കൂളിന്റെ  സ്ഥലം ജില്ലാ പഞ്ചായത്തിന് ലീസിനു നല്‍കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാലയ സംരക്ഷണ സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂളിന്റെ കെട്ടിടങ്ങളും കളിസ്ഥലവും ഉള്‍പ്പെടുന്ന 30 സെന്റു സ്ഥലം ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്‌കില്‍ ഡെവല്പ്പമെന്റ് സെന്ററിനു വീണ്ടും ലീസിനു നല്‍കാനുള്ള ശ്രമങ്ങള്‍ക്കെതിരേ വിദ്യാലയ സംരക്ഷണ സമിതിയാണ് പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്.
ലീസുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍, എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ഇന്ന് കലക്ടറേറ്റില്‍ നടക്കുന്ന സാഹചര്യത്തില്‍ സ്ഥലം ലീസിനു നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനുമുന്നില്‍ വിദ്യാലയ സരംക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം നടത്തും. സ്ഥലം ലീസിനു നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും നിലവില്‍ സ്‌കില്‍ ഡെവല്പ്പ്‌മെന്റ് സെന്റര്‍ കൈവശം വച്ചിരിക്കുന്ന സ്ഥലവും കെട്ടിടങ്ങളും സ്‌കൂളിനു തിരിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് വിദ്യാലയ സംരക്ഷണ സമിതിയുടെ ആവശ്യം.
2008ല്‍ കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായപ്പോഴാണ് അന്നത്തെ കലക്ടറുടെ തീരുമാനപ്രകാരം 5 വര്‍ഷത്തേക്ക് ജില്ലാ പഞ്ചായത്തിന്റെ സ്‌കില്‍ ഡെവല്പ്പ്‌മെന്റ് സെന്ററിനായി ലീസിനു നല്‍കിയിരുന്നത്. സ്‌കൂളിന് ആവശ്യം വന്നാല്‍ ഏതു സമയവും ഒഴിഞ്ഞു നല്‍കാമെന്ന ഉറപ്പും ജില്ലാ പഞ്ചായത്തു മുന്നോട്ടു വച്ചിരുന്നു. എന്നാല്‍, താല്‍ക്കാലികമായി നല്‍കിയ കെട്ടിടവും സ്ഥലവും ഒമ്പതു വര്‍ഷമായി സ്‌കില്‍ ഡെവ്‌ല്പ്പ്‌മെന്റ് സെന്റര്‍ കൈവശം വച്ചിരിക്കുകയാണ്.
നിലവില്‍ 102 വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ലൈബ്രറി, സ്മാര്‍ട്ട് റൂം, കംപ്യൂട്ടര്‍ റൂം, സ്റ്റാഫ് റൂം, സയന്‍സ് ലാബ് ക്ലാസ് മുറികള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ സ്‌കൂളിന് അത്യാവശ്യമായിരിക്കെയാണ് 30 സെന്റു സ്ഥലം ലീസിനു നല്‍കാനുള്ള തീരുമാനം പ്രതിഷേധത്തിനിടയാക്കുന്നതെന്ന് വിദ്യാലയ സംരക്ഷണ സമിതി ചെയര്‍മാനും കൗണ്‍സിലറുമായ കെ സി ശോഭിത പറഞ്ഞു. നിലവില്‍ 1.38 സെന്റ് സ്ഥലമുണ്ടെങ്കിലും വെറും 32 സെന്റിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. യുപി സ്‌കൂളിന് 1.50 ഏക്കര്‍ സ്ഥലം വേണമെന്നിരിക്കെ നിലവില്‍ 1.38 സെന്റ് മാത്രമുള്ള സ്‌കൂളിന്റെ ഭൂമിയാണു 30 വര്‍ഷത്തേക്ക് ലീസിനു നല്‍കുന്നതെന്നാണ് സംരക്ഷണസമിതി ഉന്നയിക്കുന്ന പരാതി. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി സ്‌കൂളിന്റെ 25 സെന്റ് ഭൂമി നഷ്ടമാവുന്നുണ്ട്. സമീപ പ്രദേശത്തുള്ള  വിദ്യാര്‍ഥികളാണ് ഈ യുപി സ്‌കൂളില്‍ ഏറെയുള്ളത്.
സ്‌കില്‍ ഡെവല്പ്പ്‌മെന്റ് സെന്ററിനു വിട്ടു നല്‍കിയ സ്ഥലവും കെട്ടിടങ്ങളും ഉപയോഗപ്പെടുത്തി വിദ്യാര്‍ഥികള്‍ക്കു മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇരിക്കെയാണ് കൂടുതല്‍ സ്ഥലം നല്‍കണമെന്ന ആവശ്യവുമായി സെന്റര്‍ എത്തുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളുടെ സ്ഥലം മറ്റു കാര്യങ്ങള്‍ക്കു വിട്ടുനല്‍കരുതെന്ന്  ഹൈക്കോടതി വിധി നിലനില്‍ക്കെയാണിത്. ഒരു വര്‍ഷം മുമ്പ് ഇത്തരമൊരു തീരുമാനവുമായി അധികൃതര്‍ എത്തിയപ്പോള്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്നു പിന്‍മാറുകയായിരുന്നു.
സ്‌കൂളിന്റെ സ്ഥലം വിട്ടു നല്‍കരുതെന്ന് ഡിഡിഇ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ സംരക്ഷിക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു വിപരീതമാണ് ഇത്തരം നീക്കമെന്നും ആക്ഷേപമുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാനും കൗണ്‍സിലറുമായ കെ സി ശോഭിത, കണ്‍വീനര്‍ എന്‍ സി ശശീന്ദ്രന്‍, പിടിഎ പ്രസിഡന്റ് അസ്‌ലം ഉമ്മാട്ട്, ഇ ബേബി വാസവന്‍, സി മോഹന്‍, പി പി ഉമ്മര്‍, രാജന്‍ കാനങ്ങോട്ട് സംബന്ധിച്ചു.

RELATED STORIES

Share it
Top