സ്ഥലം കൊടുത്ത കര്‍ഷകന്‍ പണം കിട്ടാതെ അങ്കലാപ്പില്‍

തൊടുപുഴ: പട്ടിക വര്‍ഗക്കാരായ കുടുംബങ്ങള്‍ക്കു നടപ്പാക്കി വരുന്ന  ഭൂരഹിത പുനരധിവാസ പദ്ധതിയില്‍പ്പെടുത്തി ഭൂമി വാങ്ങാനുള്ള പദ്ധതി പ്രകാരം സ്ഥലം വിലയ്ക്കായി വിട്ടു കൊടുത്ത കര്‍ഷകനെ വിദഗ്ധമായി െ്രെടബല്‍വകുപ്പ് വഞ്ചിച്ചു. അറക്കുളം വില്ലേജില്‍ താമസിക്കുന്ന കാനാട്ട്  കൊങ്ങോലയില്‍ വര്‍ഗീസിന്റെ മകന്‍ അബ്രാഹം സ്ഥലത്തിന്റെ തുക ലഭിക്കാന്‍ വേണ്ടി  െ്രെടബല്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. ആധാരം എഴുതി പട്ടികവര്‍ഗവിഭാഗത്തിലെ കുടുംബത്തിനു കൈമാറുകയും ചെയ്തു. ഇതു കൂടാതെ ആധാരത്തില്‍ തുക കൈപ്പറ്റിയെന്നു വിദഗ്ധമായി എഴുതി ചേര്‍ത്തു. ആധാരം കഴിഞ്ഞു പണത്തിനായി ഓഫിസിലെത്തിയപ്പോള്‍ തുക കൈമാറില്ലെന്ന തീരുമാനമാണ് അറിയിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പേരിലുള്ള നാല്‍പ്പത് സെന്റ് ഭൂമിയാണ് തീറാധാരം എഴുതിയിരിക്കുന്നത്. ചെക്ക് വാങ്ങാന്‍ വരാന്‍ പറഞ്ഞ  െ്രെടബല്‍ ഉദ്യോഗസ്ഥരാരും ഇത്തരമൊരു സംഭവം അറിഞ്ഞതായി ഭാവിക്കുന്നില്ല. തൊടുപുഴ മിനി സിവില്‍ സ്‌റ്റേഷനിലെ ഇടുക്കി സംയോജിത പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫിസര്‍ കൈമലര്‍ത്തുകയാണ്.  ഈ സ്ഥലം അറക്കുളം സ്വദേശിയായ വഴീപ്പുരയ്ക്കല്‍ കുഞ്ഞപ്പന്റെ മകന്‍ വി.കെ. മോഹനനാണ് തീറാധാരം എഴുതിയിരിക്കുന്നത്. ഇദ്ദേഹം പോക്കുവരവ് ചെയ്തു കിട്ടാന്‍ വില്ലേജില്‍ അപേക്ഷ നല്‍കി കഴിഞ്ഞു. പോക്കുവരവ്  ചെയ്തു കഴിഞ്ഞാല്‍ സ്ഥലവും നഷ്ടപ്പെടും. ഈ പദ്ധതിയിലേക്കു മോഹനനെ തെരഞ്ഞെടുത്തതും അബ്രാഹത്തിന്റെ സ്ഥലം കണ്ടെത്തിയതും െ്രെടബല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥരാണ്. വില്ലേജില്‍ നിന്നും സ്ഥലത്തിന്റെ രേഖകളെല്ലാം ശേഖരിച്ചതും സര്‍വേ ഓഫിസില്‍ നിന്നു വന്നു അളന്നു തിരിച്ചതും എസ്ടി പ്രമോട്ടറുടെ സാന്നിധ്യത്തിലാണ്. ഗവ. പ്ലീഡര്‍ ഭൂമി സംബന്ധമായ രേഖകള്‍ പരിശോധിച്ച് ക്ലീയറന്‍സ് നല്‍കുകയും ചെയ്തിരുന്നു.  ഇതിനു പുറമേ ജില്ലാ കളക്ടറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥലത്തിന്റെ മാര്‍ക്കറ്റുവില സംബന്ധിച്ചും ഈ സ്ഥലം പദ്ധതിക്ക് അനുയോജ്യമാണെന്നും കണ്ടെത്തി സ്ഥലം ഏറ്റെടുത്ത് ആധാരം ചെയ്യുന്നതിനുള്ള അന്തിമ ലിസ്റ്റും തയാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വഴിയില്ലെന്ന കാരണം കണ്ടെത്തി തുക  നല്‍കാതിരിക്കുന്നതില്‍ മറ്റെന്തോ ലക്ഷ്യമാണുള്ളതെന്നും നാട്ടുകാരും പറയുന്നു. ആധാരത്തില്‍ വ്യക്തമായി മൂന്നടി സ്ഥലം നടപ്പുവഴിയുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നു അബ്രാഹം പറയുന്നു. ഇതു കൂടാതെ വില്ലേജ്, താലൂക്ക്, കളക്റ്ററേറ്റ്, െ്രെടബല്‍ ഡിപ്പാര്‍ട്ടുമെന്റ് ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ നിന്നും എസ്ടി പ്രമോട്ടറുടെ സാന്നിധ്യത്തില്‍ സ്ഥലം പരിശോധിച്ചതാണ്. ആധാരത്തിന്റെ കോപ്പി ഇവര്‍ക്കെല്ലാം നല്‍കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാര്‍ സംവിധാനവും  വ്യക്തമായി മനസിലാക്കിയാണ് ഈ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നടപ്പുവഴിയുടെ കാര്യവും വ്യക്തമായി പറഞ്ഞിട്ടുണ്ട്. മോഹനന്റെ പേരില്‍ ആധാരം തയാറാക്കിയതിനുശേഷം പട്ടികവര്‍ഗ പ്രോജക്ട് ഓഫിസിലെത്തി ഉദ്യോഗസ്ഥരെ കാണിച്ചിരുന്നു. വഴിയുടെ കാര്യത്തില്‍ പ്രത്യേക നിബന്ധന ഉണ്ടായിരുന്നെങ്കില്‍ ഈപദ്ധതിയില്‍ പെടുത്തി തന്റെ സ്ഥലം എടുക്കാതിരുന്നാല്‍ മതിയായിരുന്നുവെന്നു അബ്രാഹം ചൂണ്ടിക്കാട്ടുന്നു. ചില ഉദ്യോഗസ്ഥര്‍ക്ക് കൈമടക്ക് നല്‍കാത്തതിന്റെ പേരില്‍ മനഃപൂര്‍വം വിശ്വാസവഞ്ചന കാണിച്ചിരിക്കുകയാണെന്നു അദ്ദേഹം വ്യക്തമാക്കുന്നു. വസ്തുവിന്റെ വില സര്‍ക്കാര്‍ നിശ്ചയിച്ചു ആധാരത്തില്‍ എഴുതിവച്ച തുകയായ 9,80,000 രൂപയാണ് അബ്രാഹത്തിനു നല്‍കേണ്ടത്. ഈ സ്ഥലം മോഹനനു  നല്‍കുന്നതിനുവേണ്ടി എഴുത്തുകൂലി ഉള്‍പ്പെടെ ഓഫിസുകള്‍ കയറിയിറങ്ങി സര്‍ക്കാര്‍ നടപടിക്രമത്തിനു മാത്രം 30,000 രൂപയോളം അബ്രാഹത്തിനു ചെലവുണ്ട്. ഒന്നെങ്കില്‍ അനുവദിച്ച തുക നല്‍കണം. അല്ലെങ്കില്‍ ആധാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ജില്ലാകളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയിരിക്കുകയാണ്  അബ്രാഹം. ഇതിനിടെ പോക്കുവരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു വില്ലേജിലും താലൂക്കിലും പരാതി നല്‍കി കഴിഞ്ഞു. സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നുണ്ടായ വഞ്ചനക്കും മറ്റും എതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. സര്‍ക്കാര്‍ പദ്ധതികള്‍ക്കായി സ്ഥലം വിട്ടു കൊടുക്കുന്ന കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഇതാണ് അനുഭവം. പട്ടികവര്‍ഗ കുടുംബത്തിനു ലഭിച്ചിരിക്കുന്ന സ്ഥലം തിരിച്ചെഴുതാനും കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകന്‍. ജില്ലാ കളക്ടറുടെ ഭാഗത്തുനിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകന്‍. അല്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം.

RELATED STORIES

Share it
Top