സ്ഥലം ഉടമയ്ക്ക് 20 ലക്ഷം പിഴ; പട്ടയം റദ്ദാക്കാന്‍ നിര്‍ദേശം

കല്‍പ്പറ്റ: നഗരത്തില്‍ അനധികൃതമായി കരിങ്കല്‍ ഖനനം നടത്തിയ സംഭവത്തില്‍ കര്‍ശന നടപടിക്ക് ജില്ലാ കലക്ടറുടെ നിര്‍ദേശം. അനുമതിയില്ലാതെ ക്വാറി നടത്തിയ സ്ഥലമുടമയില്‍ നിന്ന് 20 ലക്ഷം പിഴ ഈടാക്കും. ഭൂമിയുടെ പട്ടയം റദ്ദാക്കാനും കല്‍പ്പറ്റ വില്ലേജ് ഓഫിസര്‍ക്കെതിരേ നടപടിയെടുക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
കല്‍പ്പറ്റ നഗരത്തില്‍ ബൈപാസില്‍ നിന്ന് നൂറുമീറ്റര്‍ അകലെ മൈലാടിപ്പായ്‌റക്ക് സമീപത്തു നിന്ന് മലയിടിച്ച് കരിങ്കല്ലും മണ്ണും കടത്തിക്കൊണ്ടുപോവുന്നത് ഇന്നലെ തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. കലക്ടറുടെ നിര്‍ദേശ പ്രകാരം വൈത്തിരി തഹസില്‍ദാര്‍ എം ശങ്കരന്‍ നമ്പൂതിരി, ലാന്റ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം ഇന്നലെ ക്വാറി സന്ദര്‍ശിച്ചു. തുടര്‍ന്ന് കലക്ടര്‍ക്ക് സമര്‍പ്പിച്ച പ്രാഥമിക റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ജിയോളജി വകുപ്പ് തയ്യാറാക്കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 20 ലക്ഷം രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശിച്ചത്.
ലാന്റ് അസൈന്‍മെന്റ് നിയമമനുസരിച്ച് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയിലാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നതെന്നു വൈത്തിരി തഹസില്‍ദാര്‍ പറഞ്ഞു. കല്‍പ്പറ്റ വില്ലേജിലെ സര്‍വേ നമ്പര്‍ 16ല്‍പെട്ട ഈ ഭൂമിയില്‍ കൈവശക്കാരന് കൃഷി ചെയ്യാന്‍ മാത്രമേ അധികാരമുള്ളൂ. ഭൂമിയിലെ വിലപിടിപ്പുള്ള മരങ്ങള്‍, കരിങ്കല്ല്, മണല്‍ തുടങ്ങിയവയൊന്നും വില്‍പന നടത്താന്‍ കൈവശക്കാര്‍ക്ക് അധികാരമില്ല. ഈ സാഹചര്യത്തിലാണ് ഭൂപതിവ് ചട്ടം ലംഘിച്ചതായി കണ്ടെത്തി പട്ടയം റദ്ദാക്കാന്‍ നടപടി തുടങ്ങിയത്. ഇതുസംബന്ധിച്ച വിശദമായ റിപോര്‍ട്ട് അടുത്ത ദിവസം കലക്ടര്‍ക്ക് നല്‍കുമെന്നു തഹസില്‍ദാര്‍ അറിയിച്ചു.
ക്വാറി പ്രവര്‍ത്തനം സംബന്ധിച്ച് യഥാസമയം റിപോര്‍ട്ട് നല്‍കുന്നതില്‍ കല്‍പ്പറ്റ വില്ലേജ് ഓഫിസര്‍ വീഴ്ചവരുത്തിയതായും കണ്ടെത്തി. ഈ സാഹചര്യത്തില്‍ വില്ലേജ് ഓഫിസര്‍ക്കെതിരേ നടപടി സ്വീകരിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. നടപടിക്ക് മുന്നോടിയായി വില്ലേജ് ഓഫിസര്‍ക്ക് നോട്ടീസ് നല്‍കുമെന്നു തഹസില്‍ദാര്‍ പറഞ്ഞു.

RELATED STORIES

Share it
Top