സ്ത്രീ, പുരുഷ വിവാഹപ്രായം ഏകീകരിക്കണം: എന്‍എച്ച്ആര്‍സി

ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വിവാഹപ്രായം ഏകീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി). ഇതുസംബന്ധിച്ചു കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. എന്നാല്‍, ചുരുങ്ങിയ വിവാഹപ്രായം എത്രയാക്കണമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല.
ഇപ്പോള്‍ ഇന്ത്യയില്‍ സ്ത്രീകളുടെ വിവാഹപ്രായം 18ഉം പുരുഷന്റേത് 21ഉം ആണ്. രാജ്യത്തു നിന്ന് ശൈശവവിവാഹം ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തില്‍ പങ്കാളികളാവണമെന്ന് ആവശ്യപ്പെട്ട് വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കായി പുറപ്പെടുവിച്ച ശുപാര്‍ശകളിലാണ് ഈ നിര്‍ദേശമുള്ളത്. രാജ്യത്തെ സ്ത്രീ-പുരുഷ വിവാഹപ്രായം ഏകീകരിക്കുന്ന കാര്യം കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയവും നിയമ മന്ത്രാലയവും പരിഗണിക്കണമെന്നാണ് കമ്മീഷന്‍ മന്ത്രാലയങ്ങള്‍ക്കു നല്‍കിയ ശുപാര്‍ശയില്‍ നിര്‍ദേശിക്കുന്നത്. ലോകത്തെ 125 രാജ്യങ്ങളില്‍ സമാനമായ രീതിയുണ്ടെന്നും ഈ മാതൃക ഇന്ത്യയിലും അവലംബിക്കാവുന്നതാണെന്നുമാണ് ശുപാര്‍ശയില്‍ പറയുന്നത്.
ആധുനികമായ സാഹചര്യം കണക്കിലെടുത്ത് നമ്മുടെ വിവാഹവുമായി ബന്ധപ്പെട്ട നയം പുനപ്പരിശോധിക്കേണ്ടതുണ്ടെന്ന് കമ്മീഷന്‍ ജനറല്‍ സെക്രട്ടറി അംബുജ് ശര്‍മ പറഞ്ഞു. 16 വയസ്സിന് താഴെയുള്ള എല്ലാ വിവാഹങ്ങളും 'അസാധു'വാക്കണമെന്നും 16നും 18നും ഇടയിലുള്ളവ അസാധാരണ വിവാഹങ്ങളായി പരിഗണിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മന്ത്രാലയങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, 18 വയസ്സു വരെ സൗജന്യ വിദ്യാഭ്യാസം നിര്‍ബന്ധമാക്കണമെന്നും കമ്മീഷന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 12ാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം നിര്‍ബന്ധമാക്കണമെന്നാണ് കമ്മീഷന്റെ ആവശ്യം. പെണ്‍കുട്ടികള്‍ 18 വയസ്സു വരെ വിദ്യാഭ്യാസം നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിലൂടെ ശൈശവവിവാഹം തടയാനാവുമെന്നുമാണ് കമ്മീഷന്‍ അവകാശപ്പെടുന്നത്.

RELATED STORIES

Share it
Top