സ്ത്രീ പീഡകരും ക്രിസ്തുവിരുദ്ധരുമായ മെത്രാന്മാരെ സ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്ന്‌

കൊച്ചി: സ്ത്രീ പീഡകരും ക്രിസ്തുവിരുദ്ധരുമായ മെത്രാന്മാരെ സ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്നും മെത്രാന്മാരുടെ വ്യക്തിഗത സ്വത്ത് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടും കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) ആസ്ഥാന മന്ദിരമായ പിഒസിയിലേക്ക് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ലാലന്‍ തരകന്‍ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു.
കുറ്റാരോപിതനായ ബിഷ പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലിസ് അറസ്റ്റ് ചെയ്യുന്നതു വരെ നിയമം നിയമത്തിന്റെ വഴിക്കു പോവട്ടേയെന്ന നിലപാടെടുത്ത കേരള മെത്രാന്‍ സമിതി അറസ്റ്റിനു ശേഷം കുറ്റാരോപിതനെ പരസ്യമായി പിന്തുണയ്ക്കുകയും പീഡിതയായ കന്യാസ്ത്രീയെ കൂടുതല്‍ മാനസിക സമ്മര്‍ദത്തിനു വിധേയമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കുടപിടിക്കുകയും ചെയ്തത് തികച്ചും ജുഗുപ്‌സാവഹമായ കാര്യമാണെന്നു ലാലന്‍ തരകന്‍ പറഞ്ഞു. മാത്യു അറക്കലിനെ പോലുള്ള മെത്രാന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ ചെന്ന് സന്ദര്‍ശിച്ചതും മഹത്ത്വവല്‍ക്കരിച്ച് ഇടയലേഖനമിറക്കിയതും അക്ഷന്തവ്യമായ തെറ്റാണെന്നും ഈ പശ്ചാത്തലത്തില്‍ കുറ്റക്കാരായ മെത്രാന്‍മാര്‍ക്കെതിരേ സഭാപരമായ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോസഫ് വെളിവില്‍, പോളച്ചന്‍ പുതുപ്പാറ, അഡ്വ. ഇന്ദുലേഖ ജോസഫ്, അഡ്വ. വര്‍ഗീസ് പറമ്പില്‍, ജോര്‍ജ് മൂലേച്ചാലില്‍, ജോര്‍ജ് ജോസഫ്, സ്റ്റാന്‍ലി പൗലോസ്, ഇ ആര്‍ ജോസഫ്, സില്‍വി സുനില്‍ സംസാരിച്ചു.

RELATED STORIES

Share it
Top