സ്ത്രീസൗഹൃദ കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനം ആഗസ്ത് 7ന്

എം എം അന്‍സാര്‍
കഴക്കൂട്ടം: ഐടി നഗരമായ കഴക്കൂട്ടത്ത് 27 വര്‍ഷമായി ജനം ആവിശ്യപെടുന്ന ശുചിമുറിയോട് കൂടിയുള്ള ഏറെ സൗകര്യമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം യാഥാര്‍ത്ഥ്യമായി. തിരുവനന്തപുരം നഗരസഭ കഴക്കൂട്ടത്തുകാര്‍ക്ക് സമര്‍പ്പിക്കുന്ന ഓണസമ്മാനം കൂടിയായ ഹൈടെക്ക് ബസ് കാത്തിരിപ്പ് കേന്ദ്രം അടുത്ത മാസം ആറിന് ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കി കൊണ്ടു നിര്‍മിച്ച തലസ്ഥാനത്തെ ആദ്യ സ്ത്രീ സൗഹൃദ ഹൈടെക് വെയിറ്റിങ് ഷെഡ് കൂടിയാണിത്.
ഇതിന്റെ സ്വീകാര്യത പരിശോധിച്ചു നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട മറ്റ് പ്രധാന നഗരങ്ങളിലും ഇവ നിര്‍മിക്കാനാണ് നഗരസഭ ആലോചിക്കുന്നത്. ദാഹമകറ്റാന്‍ കുടിവെള്ളം, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് സൗജന്യ വൈഫൈ കണക്ഷന്‍, എഫ്എം റേഡിയോ, സാനിട്ടറി നാപ്കിന്‍ സംസ്‌ക്കരണ പ്ലാന്റ് എന്നിവ ഈ കാത്തിരിപ്പ് കേന്ദ്രത്തിന്റെ സവിശേഷതകളാണ്. കേരളത്തില്‍ സ്ത്രീസൗഹൃദ ബസ്സ്റ്റാന്റ് നിലവിലുണ്ടെങ്കിലും ഇത്രയേറെ സൗകര്യങ്ങളുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം സംസ്ഥാനത്ത് ഇത്ആദ്യമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്ന ഷെല്‍ട്ടറില്‍ സിസിടിവി കാമറയും പ്രത്യേക ശുചി മുറിയും ഒരുക്കിയിട്ടുണ്ട്.
പരുഷന്‍മാര്‍ക്കായി 20 മീറ്റര്‍ മാറി മേല്‍ക്കൂരയും ഇരിപ്പിടവും മാത്രമുള്ള മിനി ഷെല്‍ട്ടറും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട്. പത്രമാധ്യങ്ങളിലും നവമാധ്യമങ്ങളിലൂടെയും ഉയര്‍ന്ന അഭിപ്രായം പരിഗണിച്ചാണു ബസ് കാത്തിരിപ്പു കേന്ദ്രങ്ങളെ ഹൈടെക്ക് രീതിയിലേക്കു മാറ്റുന്നതെന്ന് മേയര്‍ വി കെ പ്രശാന്ത് പറഞ്ഞു.
ഇതര സംസ്ഥാനക്കാരടക്കം ദിവസവും പതിനായിരങ്ങള്‍ വന്നു പോവുന്ന കഴക്കൂട്ടം നഗരത്തില്‍ ശുചിമുറി ഇല്ല എന്ന നീണ്ട കാലത്തെ പരാതികൂടിയാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. അതിനിടെ ടെക്‌നോപാര്‍ക്കിനുള്ളിലോ സമീപത്തോ ഇതേ മാതൃകയില്‍ ഒരു ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കണമെന്നാവശ്യവുമായി ടെക്കികള്‍ രംഗത്തെത്തിയിരിക്കുകയാണ്.  ഏറെക്കാലമായുള്ള ആവശ്യം നടപ്പായതോടെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം പാട്ടും കൊട്ടുമായിവലിയ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

RELATED STORIES

Share it
Top