സ്ത്രീവിവാദങ്ങളില്‍ കുടുങ്ങി സിപിഎം

രാഷ്ട്രീയ കേരളം - എച്ച് സുധീര്‍

സ്ത്രീയെന്ന വാക്കു പോലും സിപിഎം നേതാക്കളെ ഇപ്പോള്‍ ഭയപ്പെടുത്തുന്നുണ്ടോയെന്നാണ് സംശയം. ശബരിമലയിലെ സ്ത്രീപ്രവേശനം, പി കെ ശശി എംഎല്‍എക്കെതിരായ പീഡന ആരോപണം, ബിഷപ് ഫ്രാങ്കോക്കെതിരേ കന്യാസ്ത്രീകള്‍ നടത്തിയ വെളിപ്പെടുത്തലില്‍ പോലിസ് നടത്തിയ മെല്ലെപ്പോക്ക് അന്വേഷണം- ഇങ്ങനെ സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്ന വിഷയങ്ങളെല്ലാം സ്ത്രീകളുമായി ബന്ധപ്പെട്ടുള്ളതാണ്. ഇപ്പോള്‍ ട്രെന്‍ഡായിരിക്കുന്നത് മീ ടൂ കാംപയിനാണ്.
ഏതെങ്കിലും തരത്തില്‍ പീഡനത്തിന് ഇരയായ സ്ത്രീകളുടെ വെളിപ്പെടുത്തലായ മീ ടൂവിന് കൃത്യം ഒരു വര്‍ഷം തികയുമ്പോള്‍ പണി കിട്ടിയത് കേരളത്തിലെ സിപിഎമ്മിനാണ്. പാര്‍ട്ടി നേതാക്കള്‍ക്ക് അഭിനയശേഷി കുറഞ്ഞതുകൊണ്ട് കൊല്ലം ജില്ലയിലെ പി കെ ഗുരുദാസന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് പിണറായി വിജയന്‍ കെട്ടിയിറക്കിയ സിനിമാ നടനായ എംഎല്‍എ മുകേഷാണ് മീ ടൂവില്‍ കുടുങ്ങിയത്. അതും പി കെ ശശി എംഎല്‍എക്കെതിരേ പാര്‍ട്ടി പ്രവര്‍ത്തക തന്നെ പീഡനത്തിനു പരാതി നല്‍കി നടപടി കാത്തിരിക്കുന്ന സമയത്ത്.
ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ തന്നോട് മോശമായി പെരുമാറിയെന്നാണ് സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫിന്റെ പരാതി. 19 കൊല്ലം മുമ്പ് നടന്നതെന്നു പറയുന്ന ആരോപണത്തെ ചിരിച്ചുതള്ളുകയാണ് മുകേഷ്. അങ്ങനെയൊരു സംഭവമേ ഓര്‍ക്കുന്നില്ലെന്നു മാത്രമല്ല, ഇപ്പോഴുള്ള മീ ടൂ കാംപയിനില്‍ മുകേഷ് സ്ത്രീകളുടെ പക്ഷത്തുമാണ്. ഇത്രയും സ്ത്രീസ്‌നേഹിയും ഫെമിനിസ്റ്റ് സഹയാത്രികനുമായ മുകേഷിനാണല്ലോ മീ ടൂവില്‍ മുറിവേറ്റത് എന്നതില്‍ കടുത്ത ഫെമിനിസ്റ്റുകള്‍ക്കു പോലും ദുഃഖമുണ്ട്.
രണ്ടു വര്‍ഷം മുമ്പ് വോട്ടു ചെയ്തു ജയിപ്പിച്ചവരെ മറന്നുപോയയാള്‍ 19 വര്‍ഷം മുമ്പുള്ളൊരു കാര്യം ഓര്‍ക്കുമോ എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. തിരഞ്ഞെടുപ്പു സമയത്തുതന്നെ മുകേഷിനെതിരേ എതിരാളികള്‍ സമാനമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. നടിയും മുന്‍ ഭാര്യയുമായ സരിത മുകേഷിനെതിരേ രംഗത്തുവന്നതോടെയാണ് അന്നു വിവാദങ്ങള്‍ ഉയര്‍ന്നത്. മീ ടൂവിലൂടെ ആരോപണം ഉന്നയിച്ച ടെസ് ജോസഫിനെ ഓര്‍മയില്ലെന്നു പറയുന്ന മുകേഷിന്റെ മറുപടിയിലെ യുക്തി ആരും ചിന്തിക്കരുത്. പകരം വേണമെങ്കില്‍ തനിയെ ചിരിക്കാം.
അന്ന് ചെന്നൈയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ തന്നെയാണ് താന്‍ താമസിച്ചതെന്ന് മുകേഷ് സമ്മതിക്കുന്നുണ്ട്. ആദ്യമായാണ് അവിടത്തെ ലേ മെറിഡിയനില്‍ താമസിക്കുന്നതത്രേ. പഞ്ചനക്ഷത്രത്തിനു മുകളില്‍ സൗകര്യങ്ങളുള്ള ഒരു ഹോട്ടലില്‍ ഒരു ടെലിവിഷന്‍ പ്രോഗ്രാമിന്റെ ക്രൂവിനു താമസമൊരുക്കുമോ എന്നാണ് മുകേഷിന്റെ സംശയം. കാരണം, പരാതിക്കാരി ക്രൂവില്‍ ഉള്ളതാണല്ലോ. ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളിലൊന്നാണ് ഡെറിക് ഒബ്രിയന്റേത്. അതിനാല്‍ തന്നെ ക്രൂവിന് അവിടെ മുറിയുണ്ടായിരുന്നോയെന്ന മുകേഷിന്റെ സംശയം തന്നെ ബാലിശമാണ്.
ടെസിനെ ഫോണില്‍ വിളിച്ചു സംസാരിച്ചുവെന്നു പറയുന്നത് ഒരിക്കലും താനായിരിക്കില്ലെന്നാണ് മുകേഷ് ഉറപ്പിച്ചുപറയുന്നത്. പത്തു കൊല്ലം മുമ്പ് ഒബ്രിയന്‍ കൊച്ചിയില്‍ വന്നതിനെക്കുറിച്ചും മുകേഷ് ഓര്‍ക്കുന്നുണ്ട്. ലേ മെറിഡിയനില്‍ ടെസിനെ കണ്ടതായി ഓര്‍മയില്ലാത്ത, ആദ്യ ഷെഡ്യൂളിനു ശേഷം ഒബ്രിയന്‍ തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നോ എന്നുപോലും കൃത്യമായി പറയാനാകാത്ത മുകേഷ്, അന്നത്തെ ഫോണ്‍ സംഭാഷണം കൃത്യമായി ഓര്‍ക്കുന്നുണ്ട്. ഡിസ്‌കവറി ചാനലിനു വേണ്ടി കലൂരിലെ ഒരു ഹാളില്‍ വച്ച് ഒരു പ്രോഗ്രാം ചെയ്യുന്നുണ്ടെന്നും മുകേഷ് ഒന്നു വരുമോ എന്നുമാണ് അദ്ദേഹം ഫോണില്‍ ചോദിച്ചതെന്നാണ് പറയുന്നത്.
അവിടെ ചെന്ന മുകേഷിന്റെ തോളത്തു കൈയിട്ട് ചേര്‍ത്തുനിര്‍ത്തി ഒബ്രിയന്‍ പറഞ്ഞത് 'കേരളത്തില്‍ എനിക്ക് ആകെയുള്ള സുഹൃത്ത് മുകേഷ് ആണ്' എന്നായിരുന്നത്രേ! ടെസ് പറയുന്നതുപോലൊരു തെറ്റ് തന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം തന്നെ വിളിക്കില്ലായിരുന്നു, അതു തന്നോട് പറയുകയും ചെയ്‌തേനെയെന്നാണ് മുകേഷിന്റെ ഇന്നത്തെ വാദം. മാത്രമല്ല, ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന ടെസിന്റെ ആവശ്യം മുഖവിലയ്‌ക്കെടുക്കണമെന്നും മുകേഷ് മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ചെയ്യാത്ത തെറ്റെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും ടെസ് ഈ പറഞ്ഞതിനെ മാത്രം മുഖവിലയ്‌ക്കെടുക്കണമെന്ന മുകേഷിന്റെ അഭ്യര്‍ഥന ചിന്തനീയമാണ്.
മുകേഷിനെ ചുറ്റിപ്പറ്റിയുള്ള തലവേദന സിപിഎമ്മിനെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. മണ്ഡലത്തില്‍ നടക്കുന്ന സര്‍ക്കാര്‍ പരിപാടികളില്‍ പോലും എംഎല്‍എയെ കിട്ടുന്നില്ലെന്നാണ് പൊതുവേയുള്ള പരാതി. കൊല്ലം കലക്ടറേറ്റില്‍ സ്‌ഫോടനം ഉണ്ടായപ്പോള്‍ പോലും സ്ഥലത്തെത്താതിരുന്ന മുകേഷിനെതിരേ പാര്‍ട്ടിക്കുള്ളില്‍ പോലും പൊട്ടിത്തെറിയുണ്ടായി. ഇതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ എംഎല്‍എയെ കാണാനില്ലെന്ന് കൊല്ലം വെസ്റ്റ് പോലിസിനു പരാതി നല്‍കിയതും പോലിസ് മാന്‍ മിസ്സിങ് കേസെടുത്തതും. സംഭവം പാര്‍ട്ടിക്ക് ക്ഷീണമായതോടെ എസ്‌ഐയെ സ്ഥലം മാറ്റിയാണ് അന്ന് സിപിഎം മുഖം രക്ഷിച്ചത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയുടെ മീറ്റിങിനിടെ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയതും ഓഖി ദുരന്തം ഉണ്ടായപ്പോള്‍ രാത്രി വൈകി എംഎല്‍എയെ ബന്ധപ്പെട്ട തീരദേശവാസികളോട് മുകേഷ് തമാശ പറഞ്ഞു പരിഹസിച്ചെന്ന ആരോപണവും പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. എംഎല്‍എയുടെ ഓരോ തമാശകള്‍ക്കും പാര്‍ട്ടി നേതൃത്വം ജനങ്ങളോട് വിശദീകരണം കൊടുക്കേണ്ട ഗതികേടാണ് ഉള്ളതെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ പീഡനക്കഥ കൂടി പുറത്തുവന്നതോടെ മുകേഷിനെതിരേ പാര്‍ട്ടിയിലെ പടയൊരുക്കം മുറുകും എന്നതില്‍ സംശയമില്ല.
പക്ഷേ, എന്തു കാര്യം! ആരോപണം നേരിടുന്ന രണ്ട് എംഎല്‍എമാര്‍ക്കെതിരേയും പാര്‍ട്ടി നടപടിയുണ്ടായാല്‍ അവര്‍ക്ക് ലോട്ടറി അടിച്ചുവെന്നു പറയുന്നതാണ് നല്ലത്. ഇത്തരക്കാരെ കുറേ നാള്‍ മാറ്റിനിര്‍ത്തുമെങ്കിലും തിരികെയെത്തിയാല്‍ പാര്‍ട്ടിയില്‍ ഉന്നതസ്ഥാനമാണ് വാഗ്ദാനം. കണ്ണൂരിലെ പ്രബലനായ സിപിഎം നേതാവിന്റെ പീഡനങ്ങള്‍ പാര്‍ട്ടി അന്വേഷിച്ച് അദ്ദേഹത്തെ വിശുദ്ധനാക്കി അടുത്ത കാലത്ത് തിരികെ എത്തിച്ചതേയുള്ളൂ. ആ സഖാവിന്റെ പേരും ശശി.
സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെ അവഗണിക്കുകയും അതിക്രമം കാണിക്കുന്നവരെ സംരക്ഷിക്കുകയുമാണ് പാര്‍ട്ടി സംവിധാനം ചെയ്യുന്നതെന്നുമുള്ള വിമര്‍ശനം ശരിവയ്ക്കുന്ന നടപടിയാണ് ഇവയെന്നതില്‍ സംശയമില്ല.
പാര്‍ട്ടി അംഗങ്ങള്‍ക്കെതിരായ പരാതികള്‍ പാര്‍ട്ടി കമ്മിറ്റികള്‍ക്ക് നല്‍കണമെന്ന കര്‍ശന നിര്‍ദേശമുള്ള സംവിധാനമാണ് സിപിഎമ്മിന് അകത്തുള്ളത്. ഈ കേഡര്‍ സംവിധാനം ഉപയോഗിച്ചുതന്നെയാണ് പരാതികള്‍ അട്ടിമറിക്കുന്നതും. ആരോപിതര്‍ക്കെതിരേ നടപടികള്‍ ഉണ്ടാവുകയോ പോലിസില്‍ പരാതിപ്പെടുകയോ ചെയ്താല്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന പേരു പറഞ്ഞാണ് പരാതികള്‍ ഒതുക്കുന്നത്. പാര്‍ട്ടിക്കു പുറത്തു പരാതിപ്പെടുന്നവര്‍ സിപിഎമ്മിനു പുറത്താവുന്ന നയപരിപാടിയാണ് സ്വീകരിക്കുക. ഭരണത്തില്‍ എത്താനായി പറഞ്ഞ സ്ത്രീസുരക്ഷ പാര്‍ട്ടിയില്‍ എത്തുമ്പോള്‍ എങ്ങനെയാണെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം.

RELATED STORIES

Share it
Top