സ്ത്രീയുടെ തലയോട്ടിയും ശരീരഭാഗങ്ങളും കണ്ടെത്തിയ സംഭവംഅന്വേഷണം ഊര്‍ജിതമാക്കി ്

ഇരിക്കൂര്‍: ഊരത്തൂരിലെ പറമ്പില്‍നിന്ന് സ്്ത്രീയുടെ തലയോട്ടിയും ശരീരഭാഗ—ങ്ങളും കണ്ടെത്തിയ സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തലയോട്ടി സ്്ത്രീയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു.
തുടര്‍ന്ന് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങള്‍ കൂടി കണ്ടെത്തി. തലമുടി, താടിയെല്ല്, പല്ലുകള്‍, കൈയെല്ല്, ലുങ്കി, മറ്റു വസ്ത്രങ്ങള്‍ എന്നിവയാണു കിട്ടിയത്. സംഭവം അതീവ ഗൗരവത്തോടെയാണു പോലിസ് കാണുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖല കൂടിയാണ് ഇവിടം. കൂടാതെ, നിരവധി ചെങ്കല്‍ക്വാറികളും ഉണ്ട്.
ഇവിടങ്ങളില്‍ ജോലിക്കെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെക്കുറിച്ച് ആര്‍ക്കും യാതൊരു വിവരവുമില്ല. കരാറുകാരോ കെട്ടിട ഉടമകളോ പഞ്ചായത്തിലോ പോലിസ് സ്റ്റേഷനിലോ മതിയായ വിവരങ്ങള്‍ നല്‍കാറില്ല. തലയോട്ടി 22നും 40നും ഇടയിലുള്ള സ്ത്രീയുടേതാണെന്നാണ് മെഡിക്കല്‍ റിപോര്‍ട്ട്. കൂടാതെ, മരണടഞ്ഞിട്ട് ആറ് മാസത്തോളമായെന്നും പറയപ്പെടുന്നു.
എന്നാല്‍ പടിയൂര്‍ പഞ്ചായത്തില്‍ നിന്നോ സമീപ പഞ്ചായത്തുകളില്‍ നിന്നോ ഇത്തരം മരണവിവരങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഈ പ്രായത്തിലുള്ള സ്ത്രീകളെ കാണാതായതു സംബന്ധിച്ച പരാതികളും ലഭിച്ചിട്ടില്ല. ആഴമുള്ള കുഴിയിലല്ല മൃതദേഹം കുഴിച്ചിട്ടത്. കുറുക്കനോ തെരുവുനായ്ക്കളോ ആവാം കടിച്ചുപുറത്തെടുത്ത് പാതയോരത്ത് ഉപേക്ഷിച്ചതെന്നാണ് നിഗമനം.
തളിവെടുപ്പിനെത്തിയ പോലിസ് നായ തലയോട്ടിയില്‍നിന്ന് മണം പിടിച്ച് ചെങ്കല്‍ക്വാറി വരെ ഓടിയിരുന്നു. ഈ സ്ഥലത്തിനു സമീപത്തുനിന്നാണ് ശരീരഭാഗങ്ങള്‍ കിട്ടിയത്. സ്ത്രീയെ ഇവിടെ എത്തിച്ചശേഷം കൊലപ്പെടുത്തിയതാണോ, അല്ലെങ്കില്‍ മറ്റെവിടെ നിന്നെങ്കിലും കൊണ്ടുവന്ന് മറവുചെയ്തതാണോ എന്നും പോലിസ് തിരക്കുന്നുണ്ട്. ഇരിക്കൂര്‍ എസ്‌ഐ രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അവശിഷ്ടങ്ങള്‍ കോടതിയിലെത്തിച്ച ശേഷം ഡിഎന്‍എ പരിശോധനയ്ക്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് കൊണ്ടുപോവും.

RELATED STORIES

Share it
Top