സ്ത്രീപക്ഷ മുന്നേറ്റങ്ങള്‍ പ്രധാനം

എം  സി  ജോസഫൈന്‍

സ്ത്രീകള്‍ക്കു വേണ്ടിയുള്ള ശബ്ദം ഇന്ന് ഒറ്റപ്പെട്ടതല്ല. അടക്കിവാഴേണ്ട വിഭാഗമായി സ്ത്രീകളെ കണ്ടിരുന്ന കാലഘട്ടത്തില്‍ നിന്ന് അവര്‍ ആദരിക്കപ്പെടേണ്ടവളും അംഗീകരിക്കപ്പെടേണ്ടവളുമാണെന്ന കാഴ്ചപ്പാടിലേക്ക് സമൂഹം വന്നെത്തുകയാണ്. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ലോകം അറിയുകയും പ്രതികരണം ഉണ്ടാവുകയും ചെയ്യുന്നത് അതിനാലാണ്.
വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെല്ലാം സ്ത്രീസമൂഹം മികവോടെ കടന്നുവരുകയും മത്സരിച്ചു നേടാന്‍ പ്രാപ്തി നേടുകയും ചെയ്യുന്നത് ഇന്ന് അസാധാരണ ദൃശ്യമല്ല. ലോകം ശ്രദ്ധിക്കുന്ന ഓസ്‌കര്‍ സിനിമാ അവാര്‍ഡ് വേദിയിലും ഇക്കുറി ഉയര്‍ന്നുകേട്ടത് സ്ത്രീപക്ഷ ഉണര്‍വിന്റെ ധ്വനികളായിരുന്നു. എന്നാല്‍, വേദികളില്‍ ആഘോഷിക്കപ്പെടുന്ന ഒരു ന്യൂനപക്ഷമല്ല സ്ത്രീസമൂഹത്തെയാകെ പ്രതിനിധീകരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. വൈരുധ്യം നിറഞ്ഞ ഈ സാഹചര്യങ്ങളുടെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് മാറ്റത്തിനായി മുന്നോട്ടുപോവുകയാണ് ഇനി വേണ്ടത്.
സ്ത്രീപക്ഷ ചിന്തകളുടെ സജീവ സാന്നിധ്യം ഉള്ളതുകൊണ്ടാവണം ഭരണനിര്‍വഹണരംഗങ്ങളില്‍ സ്ത്രീപങ്കാളിത്തം ആവശ്യമാണെന്ന ബോധ്യത്തിലേക്കു സമൂഹം എത്തുന്നത്. സ്ത്രീകളുടെ പൊതുഇടങ്ങളെക്കുറിച്ചു പോലുമുള്ള ചര്‍ച്ച വളര്‍ന്നുവരുന്നുണ്ട്. സാമൂഹിക-രാഷ്ട്രീയ സംഘടനകള്‍ ഉന്നത സമിതികളില്‍ സ്ത്രീസാന്നിധ്യം വര്‍ധിപ്പിക്കണമെന്നു പറഞ്ഞുതുടങ്ങിയിരിക്കുന്നു. സ്ത്രീപക്ഷ വാര്‍ത്തകള്‍ക്ക് മാധ്യമങ്ങളില്‍ ഇടം കിട്ടാനും തുടങ്ങിയിരിക്കുന്നു.
എന്നാല്‍, ചിന്താമണ്ഡലം സ്ത്രീപക്ഷ കാഴ്ചപ്പാടുകളെ ഇനിയും അംഗീകരിക്കുന്ന തലത്തിലേക്ക് എത്തിയിട്ടില്ല. ഈ അവസ്ഥ ഏറെ ദുഃഖകരമാണ്. രാഷ്ട്രീയവും മതപരവുമായ അടിത്തറയില്‍ നിന്നും പാരമ്പര്യങ്ങളുടെ കെട്ടുപാടുകളില്‍ നിന്നുമാണ് നിലവില്‍ സ്ത്രീയെക്കുറിച്ച കാഴ്ചപ്പാടുകള്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീയുടെ പുരോഗതിയിലേക്കുള്ള വഴിയും ഈ അടിത്തറകളിലാണ് നിശ്ചയിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പൊതുവായൊരു സ്ത്രീപക്ഷ സമീപനം എളുപ്പമല്ലെങ്കിലും പലതരം പരീക്ഷണങ്ങളിലൂടെ പുതിയതും സര്‍വസമ്മതവുമായ കാഴ്ചപ്പാടില്‍ എത്തിച്ചേരാനാവുമെന്നു കരുതാം. കാഴ്ചപ്പാടുകള്‍ ഭിന്നമാണെങ്കിലും മുദ്രാവാക്യങ്ങളുടെ ശക്തിദൗര്‍ബല്യങ്ങള്‍ ബോധ്യമുണ്ടെങ്കിലും സ്ത്രീപക്ഷത്ത് വളര്‍ന്നുവരുന്ന ഏതൊരു ശബ്ദവും പ്രതീക്ഷ പകരുന്നതാണ്.
കേരളത്തിലെ കാംപസുകളില്‍ തന്റേടത്തിന്റെ പ്രതിരൂപങ്ങളായി പുതുതലമുറ പെണ്‍കുട്ടികള്‍ വളര്‍ന്നുവരുന്നത് കാണാനാകുന്നു. തനിക്കും ഒരിടമുണ്ടെന്നു തിരിച്ചറിഞ്ഞു സാമൂഹിക മണ്ഡലത്തെ അഭിസംബോധന ചെയ്യാന്‍ പെണ്‍കുട്ടികള്‍ ധൈര്യം കാട്ടിത്തുടങ്ങിയിരിക്കുന്നു. വിവേചനങ്ങളില്ലാത്ത ജീവിതം എന്താണെന്ന് അവര്‍ പഠിച്ചുതുടങ്ങിയിരിക്കുന്നു.
യാഥാസ്ഥിതികത്വത്തിന്റെ കെട്ടുകളെക്കുറിച്ച് പുതുതലമുറ നല്ല ബോധ്യമുള്ളവരാണ്. വിദ്യ കൊണ്ട് ഇനി നേടാനുള്ളത് സ്വയംനിര്‍ണയത്തിനുള്ള അവകാശമാണെന്ന് അവര്‍ മനസ്സിലാക്കുന്നു. പലവിധ ആവിഷ്‌കാരങ്ങളും പരിപാടികളും പ്രതികരണങ്ങളുമായി അതു കാംപസുകളിലും പുറത്തും പ്രകടമാവുന്നുണ്ട്. ഈ വളര്‍ച്ചയെ ഗുണപരമായ ചാലിലൂടെ വികസിപ്പിച്ചെടുക്കുകയാണ് പ്രധാനം. സ്വയംനിര്‍ണയത്തിനുള്ള പെണ്‍കുട്ടികളുടെ അവകാശത്തെ തളച്ചിടാന്‍ ശ്രമിക്കുന്നവര്‍ക്കു മുന്നില്‍ പരാജയം അറിയാതെ മുന്നേറാനുള്ള കരുത്ത് പെണ്‍കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കണം.
സ്ത്രീപക്ഷ നിയമങ്ങള്‍ മുന്നിലുള്ളപ്പോഴും ആവശ്യമായ ഘട്ടങ്ങളില്‍ സുരക്ഷയും സംരക്ഷണവും നല്‍കാന്‍ അവയ്ക്കായില്ലെങ്കില്‍ അതുകൊണ്ട് എന്തു കാര്യം? നിയമങ്ങള്‍ സ്ത്രീകള്‍ക്കു വേണ്ടി പ്രയോഗിക്കാനുള്ള മനോഭാവം നീതിനിര്‍വഹണ മണ്ഡലങ്ങളിലെല്ലാം വേണം. സമൂഹത്തിന്റെ ജാഗ്രത കൊണ്ടു മാത്രമേ സ്ത്രീസമൂഹത്തിന്റെ സുരക്ഷയും അന്തസ്സും കാത്തുസൂക്ഷിക്കാന്‍ കഴിയൂ.
ഈ സാഹചര്യങ്ങള്‍ മുന്നില്‍ വച്ചാണ് അന്താരാഷ്ട്ര വനിതാ ദിനം മുന്നോട്ടുവയ്ക്കുന്ന സന്ദേശം ചര്‍ച്ച ചെയ്യേണ്ടത്. പുരോഗതിക്കു വേണ്ടിയുള്ള ശബ്ദമാണ് ഈ വര്‍ഷത്തെ വനിതാദിന പ്രമേയം. പുരോഗതി എന്നതിന്റെ വിവക്ഷ കൃത്യമായി നിര്‍ണയിച്ചു മാത്രമേ കര്‍മപരിപാടികളിലേക്ക് കടക്കാനാകൂ. ഈ പ്രമേയത്തെ കേരളീയ പശ്ചാത്തലത്തിലും ഇന്ത്യന്‍ പശ്ചാത്തലത്തിലും നാം വായിച്ചെടുക്കണം.
സധൈര്യം സ്ത്രീസമൂഹം മുന്നോട്ടു കുതിക്കണമെന്ന ആഹ്വാനമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഈ വീക്ഷണമാണ് കേരള വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ നിര്‍ണയിക്കുന്നതും. സ്ത്രീകള്‍ക്കു വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വകുപ്പ് രൂപീകരണം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വിവേചനങ്ങളില്ലാത്ത സ്ത്രീസമൂഹത്തിന്റെ സൃഷ്ടിപ്പിന് സധൈര്യം മുന്നോട്ട് എന്ന പേരില്‍ സര്‍ക്കാര്‍ വിപുലവും ആഴത്തിലുള്ളതുമായ കര്‍മരേഖ മുന്നില്‍ വയ്ക്കുന്നുണ്ട്.
സ്ത്രീസുരക്ഷയ്ക്ക് മുന്തിയ പരിഗണന പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പുതിയ സാഹചര്യങ്ങളെ നേരിടാനുള്ള കരുത്ത് വനിതാ കമ്മീഷനു സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ആരെയും വിളിച്ചുവരുത്താനുള്ള അധികാരം കമ്മീഷനു നല്‍കുന്ന നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. കേസ് തീര്‍പ്പാക്കല്‍ കാര്യക്ഷമമാക്കാനും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യബോധത്തോടെയുള്ളതാക്കാനും കമ്മീഷന്‍ ശ്രദ്ധിക്കുന്നുണ്ട്. പുതിയ ബജറ്റില്‍ കമ്മീഷനു വേണ്ടി പ്രഖ്യാപിച്ച റീജ്യനല്‍ ഓഫിസ് കോഴിക്കോട്ട് ആരംഭിക്കുന്നതോടെ വടക്കന്‍ ജില്ലകളിലുള്ള സ്ത്രീകള്‍ക്ക് കുറേക്കൂടി വേഗത്തില്‍ കമ്മീഷനു മുന്നില്‍ എത്താന്‍ കഴിയും.
സ്ത്രീകളുടെ അന്തസ്സും പദവിയും ഉയര്‍ത്തുന്നതിനും നീതി നിഷേധിക്കപ്പെടുമ്പോള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നതിനുമാണ് കേരള വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയിലെ ചുവടുവയ്പുകള്‍ക്ക് എല്ലാ വിഭാഗം സംഘടനകളുമായും സംവിധാനങ്ങളുമായും ഒരുമിച്ചു ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകാന്‍ കമ്മീഷന്‍ ഉദ്ദേശിക്കുന്നു.
സ്ത്രീകളുടെ അവകാശബോധത്തെ പോലും കച്ചവടച്ചരക്കാക്കാന്‍ ശ്രമിക്കുന്ന സാഹചര്യങ്ങളെയും ഈ ഘട്ടത്തില്‍ കാണാതിരിക്കേണ്ട. സ്ത്രീകളുടെ സാമൂഹിക വളര്‍ച്ചയെ ഒരു എന്റര്‍ടെയിന്‍മെന്റ് വിഷയമായി മാറ്റാനാണ് ശ്രമം. സ്ത്രീകളുടെ ഉണര്‍വിനെ കച്ചവടച്ചരക്കാക്കാന്‍ കഴിയുമോ എന്നാണ് കമ്പോളം ചിന്തിക്കുന്നത്. തിരിച്ചറിവുള്ളവരുടെ ഇടപെടലുകള്‍ ഈ രംഗത്ത് അനിവാര്യമായിരിക്കുന്നു. എഴുത്തുകാരും പ്രഭാഷകരും സാമൂഹിക പ്രവര്‍ത്തകരും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.                ി

(കേരള വനിതാ കമ്മീഷന്‍
അധ്യക്ഷയാണ് ലേഖിക.)

RELATED STORIES

Share it
Top