സ്ത്രീപക്ഷ ബജറ്റുമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്‌

കോഴിക്കോട്: വനിതകള്‍ക്കുളള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് ഹസീന.എ പി അവതരിപ്പിച്ചു. സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവും മാനസികവുമായ വികസനം ലക്ഷ്യമിടുന്ന സമത പദ്ധതിയുള്‍പ്പെടെ വനിതാക്ഷേമ പദ്ധതികള്‍ക്കായി പദ്ധതി വിഹിതത്തിന്റെ 20 ശതമാനം മാറ്റിവെക്കാന്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ 10 ശതമാനം വനിതാഘടക പദ്ധതികള്‍ക്കായി നീക്കിവെക്കണം എന്നാണ് നിര്‍ദ്ദേശിച്ചത്. നവകേരളമിഷന്റെ ഭാഗമായുള്ള ഹരിതകേരളം, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം, ലൈഫ്മിഷന്‍, ആര്‍ദ്രംമിഷന്‍ എന്നിവക്കായ് ബജറ്റ് മുഖ്യ പരിഗണന നല്‍കുന്നു. ലൈഫ്മിഷന് വേണ്ടി ഒരു കോടി അറുപത് ലക്ഷം പ്രതീക്ഷിക്കുന്നു.   ജൈവവൈവിധ്യ ബ്ലോക്ക് എന്ന ലക്ഷ്യം ബജറ്റ് വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
കടലിന്റെ മക്കളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന സുവര്‍ണ്ണതീരം പദ്ധതിയ്ക്ക് പത്ത് ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനും, ശുദ്ധമായ പശുവിന്‍ പാല്‍ വിതരണം ചെയ്യുന്നതിനും വേണ്ടി നറുംപാല്‍ പദ്ധതിയും സാമൂഹിക കന്നുകാലി പരിപാലന കേന്ദ്രവും, ഡയറിഫാമും തുടങ്ങി ക്ഷീരവികസന മേഖലയില്‍ പുതുകാല്‍വെപ്പുകള്‍ നടത്തുന്നു.
യുവജനങ്ങള്‍ക്കും, വിദ്യാര്‍ഥികള്‍ക്കുമായി യുവ, ഇന്നവേറ്റീവ് ഹബ്ബ് എന്നീ പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ടൂറിസം മേഖലയില്‍ ജലായനം പദ്ധതി ആവിഷ്‌ക്കരിച്ചതും പരമ്പരാഗത തൊഴില്‍ മേഖലയായ കയര്‍ വ്യവസായം സംരക്ഷിക്കാന്‍ വിവിധ പദ്ധതികള്‍ ആസുത്രണം ചെയ്തിട്ടുണ്ട്.  ഹരിതഭവനം, നീര്‍ത്തടവികസനം എന്നിവ ഉള്‍പ്പെടെ കാര്‍ഷിക വികസനരംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ ലക്ഷ്യമിടുന്നു.
വിദ്യാലയങ്ങള്‍ ദത്തെടുക്കല്‍, ഗ്രൗണ്ട് നിര്‍മ്മാണം, വായനശാലകള്‍ക്ക് കെട്ടിടം തുടങ്ങി സര്‍വ്വതല സ്പര്‍ശിയായ ബജറ്റില്‍ 13,13,99,000/- കോടി രൂപ വരവും, 13,09,09,000/- രൂപ ചെലവും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച പദ്ധതിരേഖ ബജറ്റില്‍ ഉള്‍പ്പെടുത്തിയതോടെ ബജറ്റും പദ്ധതിയും ഒന്നാക്കിമാറ്റാനുളള സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കിയാണ് ബജറ്റ് തയ്യാറാക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  മനോജ്കുമാര്‍.എന്‍ അധ്യക്ഷനായി, സെക്രട്ടറി  കൃഷ്ണകുമാരി കെ സംസാരിച്ചു.

RELATED STORIES

Share it
Top