സ്ത്രീതൊഴിലാളികള്‍ക്ക് വാണിജ്യ സ്ഥാപനങ്ങളില്‍ ഇരുന്ന് ജോലി ചെയ്യാം

തിരുവനന്തപുരം: ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. വാണിജ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീതൊഴിലാളികള്‍ക്ക് ഇരിക്കാന്‍ സൗകര്യം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയതായി തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള വ്യവസ്ഥയും ഭേദഗതിയിലുണ്ട്. കടകളില്‍ പണിയെടുക്കുന്നവര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധ അവധി നല്‍കണം. ഏതു ദിവസം എന്നത് കടയുടമയ്ക്കു തീരുമാനിക്കാം.
ആക്റ്റിലെ വ്യവസ്ഥകള്‍ ലംഘിച്ചാലുള്ള പിഴ ശിക്ഷ 20 ഇരട്ടിയായി വര്‍ധിപ്പിച്ചു. നിലവില്‍ 5000 രൂപ പിഴ എന്നത് ഒരു ലക്ഷം രൂപയായും 10,000 രൂപ പിഴ രണ്ടു ലക്ഷം രൂപയായുമാണ് ഉയര്‍ത്തിയത്. തുണിക്കടകളിലും മറ്റും നിന്ന് ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഏറെക്കാലമായി ചര്‍ച്ച ചെയ്യപ്പെടുന്നതാണ്.
രാത്രി ഒമ്പതിനുശേഷവും രാവിലെ ആറിന് മുമ്പുമുള്ള സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അഞ്ചുപേരെങ്കിലുമുള്ള ഗ്രൂപ്പുണ്ടെങ്കിലേ ഈ സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാന്‍ പാടുള്ളൂ. അഞ്ചു പേരില്‍ രണ്ടു സ്ത്രീകളെങ്കിലും ഉണ്ടായിരിക്കണം. രാത്രിജോലി ചെയ്യുന്നവര്‍ക്ക് താമസസ്ഥലത്ത് എത്താന്‍ വാഹന സൗകര്യം കടയുടമ ഏര്‍പ്പെടുത്തണം.
നിലവിലെ നിയമപ്രകാരം രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ ആറ് വരെയുള്ള സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാന്‍ പാടില്ല. ഈ വ്യവസ്ഥയില്‍ ഭേദഗതി വരുത്തി. ലൈംഗികപീഡനം തടയാനുള്ള കര്‍ശന വ്യവസ്ഥകളും ബില്ലിലുണ്ട്. ആഴ്ചയില്‍ ഒരു ദിവസം കടകള്‍ പൂര്‍ണമായി അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കിയാണ് ആഴ്ചയില്‍ ഒരു ദിവസം അവധിയെന്ന നിര്‍ദേശം.

RELATED STORIES

Share it
Top