സ്ത്രീകള്‍ മാത്രമുള്ള വീട് കയറി പോലിസ് അതിക്രമമെന്ന് പരാതി

അഞ്ചല്‍:സ്ത്രീകള്‍ മാത്രം താമസിക്കുന്ന  വീട്ടില്‍ പോലിസിന്റെ അതിക്രമമെന്ന് പരാതി.അഞ്ചല്‍ വിളക്കുപാറയില്‍ കഴിഞ്ഞ  ദിവസം രാത്രിയാണ് സംഭവം.  രാത്രി ഒന്ന് കഴിഞ്ഞു ഏരൂര്‍ എസ്‌ഐ ഗോപകുമാറും സംഘവും സ്ത്രീയെ മര്‍ദ്ദിച്ച കേസില്‍ വിളക്കുപാറ സ്വദേശി അനിയന്‍ കുഞ്ഞിനെ അറസ്റ്റ് ചെയ്യാനെത്തുകയായിരുന്നു. അനിയന്‍ കുഞ്ഞ് വീട്ടില്‍ ഇല്ലെന്നും താനും രണ്ട് പെണ്‍കുട്ടികളും മാത്രമാണുള്ളതെന്നും പോലിസിനോട് വീട്ടമ്മ പറഞ്ഞു. വീട് തുറന്ന് പരിശോധിക്കണമെന്ന് ഏരൂര്‍ പോലിസ്  ആവശ്യപ്പെടുകയും അതിനെത്തുടര്‍ന്ന് അനിയന്‍കുഞ്ഞിന്റെ ജേഷ്ഠനെ വിളിച്ചുവരുത്തുകയുമായിരുന്നു. അനിയന്‍  കുഞ്ഞിന്റെ ജേഷ്ഠനും മകന്  വീട്ടില്‍ എത്തിയതിനു ശേഷമാണ് കതക്  തുറന്നത്. എന്നാല്‍ പോലിസ് വീട് പരിശോധിച്ചപ്പോള്‍ കേസിലെ പ്രതി ഇല്ലായിരുന്നു.  ഇതിനെ തുടര്‍ന്ന് അനിയന്‍ കുഞ്ഞിന്റെ ഭാര്യയോടും മക്കളോടും എസ്‌ഐ അപമര്യാദയായി പെരുമാറുകയും  ഇതു മൊബൈല്‍ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച ബാലാവകാശ  സംരക്ഷണ കമ്മീഷന്‍ പ്രവര്‍ത്തകനും അനിയന്‍ കുഞ്ഞിന്റെ ജേഷ്ഠന്റെ മകനുമായ ആന്‍സണിനെ  തടയുകയും  മൊബൈല്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പോലിസുമായി പിടിവലി ഉണ്ടാവുകയും  കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കാരണത്താല്‍ ആന്‍സണിനെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആന്‍സണിനെ അറസ്റ്റ് ചെയ്തതറിഞ്ഞു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏരൂര്‍ പോലിസ് സ്‌റ്റേഷനില്‍ തടിച്ചുകൂടുകയും പോലിസുമായി  വാക്കേറ്റമുണ്ടാവുകയും ചെയ്തു. വനിതാ പോലിസ് ഇല്ലാതെ സ്ത്രീകള്‍ മാത്രം താമസിച്ചിരുന്ന വീട്ടില്‍ കയറി അതിക്രമം കാട്ടിയ എസ്‌ഐക്കെതിരേ നടപടി വേണമെന്ന്  കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സൈമണ്‍ അലക്‌സ് ആവശ്യപ്പെട്ടു. എന്നാല്‍  പ്രതിയെ പിടിക്കാന്‍ ചെന്ന ഏരൂര്‍ എസ്‌ഐയെ പിടിച്ചു തള്ളുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും  ചെയ്തതിനാലാണ് ആന്‍സണിനെ അറസ്റ്റ് ചെയ്തതെന്നാണ് പോലിസിന്റെ ഭാഷ്യം. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top