സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാനും പ്രാര്‍ഥിക്കാനും സ്ത്രീകള്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് സുപ്രിംകോടതി. ശബരിമലയില്‍ എന്തടിസ്ഥാനത്തിലാണ് ക്ഷേത്ര ഭരണസമിതി സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് സുപ്രിംകോടതി ചോദിച്ചു. ശബരിമല പൊതു ക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും ഒരുപോലെ ആരാധന നടത്താന്‍ കഴിയണം. അങ്ങനെയല്ലെങ്കില്‍ അത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. ശബരിമലയിലേക്ക് സ്ത്രീകള്‍ക്കു പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് സുപ്രിംകോടതി നിലപാട് വ്യക്തമാക്കിയത്.
ആര്‍ത്തവമുള്ള സ്ത്രീകള്‍ക്കാണ് ശബരിമല സന്നിധാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. അപ്പോള്‍ ആര്‍ത്തവത്തിന്റെ പ്രായം എങ്ങനെ നിശ്ചയിക്കാനാവുമെന്ന് കോടതി ചോദിച്ചു. 10 വയസ്സിനു താഴെയും 50 വയസ്സിനു മുകളിലുമുള്ള സ്ത്രീകള്‍ക്കും ആര്‍ത്തവമുണ്ടാവാം. 10 മുതല്‍ 50 വയസ്സു വരെയുള്ള സ്ത്രീകള്‍ക്കാണ് ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് വ്യക്തമാക്കിക്കൊണ്ട് പുറത്തിറക്കിയ വിജ്ഞാപനം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, ശബരിമലയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് സുപ്രിംകോടതി അറിയിച്ചു. കേസില്‍ നാളെയും വാദം തുടരും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ശബരിമല ക്ഷേത്ര ആചാരങ്ങള്‍ ബുദ്ധമത വിശ്വാസത്തിന്റെ തുടര്‍ച്ചയാണെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ ആര്‍ പി ഗുപ്ത ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് ഹരജി നല്‍കിയത്.
എന്നാല്‍, സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ ശബരിമലയില്‍ പ്രവേശനം നല്‍കണമെന്ന വാദത്തെ കേരള സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പിന്തുണച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ജെ ഡി ഗുപ്തയാണ് നിലപാട് കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ കേരളം അടിക്കടി നിലപാട് മാറ്റുന്നതില്‍ ചീഫ് ജസ്റ്റിസ് അതിശയം പ്രകടിപ്പിച്ചു. എന്നാല്‍, ഭരണം മാറിയപ്പോഴാണ് നിലപാടില്‍ മാറ്റമുണ്ടായതെന്ന് അഭിഭാഷകന്‍ വിശദീകരിച്ചു.

RELATED STORIES

Share it
Top