സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം

അടിയന്തരാവസ്ഥയുടെ 43ാം വാര്‍ഷികം 1975ല്‍ ഇന്ദിരാഗാന്ധിക്ക് പിന്തുണ നല്‍കിയവര്‍ കൂടി ആചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആഗോളതലത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റി നടന്ന ഒരു ആഗോള സര്‍വേയുടെ ഫലങ്ങള്‍ പുറത്തുവരുന്നത്. ഇന്ത്യയാണ് ലോകത്ത് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടകരമായ സ്ഥലം എന്നാണ് തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച സര്‍വേ റിപോര്‍ട്ട് പറയുന്നത്.
ശിശുമരണം, പോഷകാഹാരക്കുറവ്, അസഹിഷ്ണുത, പശുവിന്റെ പേരില്‍ നടക്കുന്ന കൊല എന്നിങ്ങനെ അപമാനകരമായ പല കണക്കുകളിലും രാജ്യം മുന്നില്‍ നില്‍ക്കുമ്പോഴാണ് ഈ കനത്ത തിരിച്ചടി. സ്ത്രീകള്‍ പുറത്തിറങ്ങി നടക്കാന്‍ ഭയക്കുന്ന ലോക നഗരങ്ങളില്‍ നാലാം സ്ഥാനത്താണ് ഡല്‍ഹി.  അക്കാദമിക വിദഗ്ധര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി അഭിപ്രായ വിനിമയം നടത്തി തയ്യാറാക്കിയ സര്‍വേ, ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പ്രസിദ്ധീകരിച്ച കണക്കുകളെ ആധാരമാക്കിയാണ് തയ്യാറാക്കിയത്. അതനുസരിച്ച് രാജ്യം ആഭ്യന്തരയുദ്ധമോ ഭരണശൈഥില്യമോ നേരിടുന്ന സോമാലിയ, കോംഗോ, സിറിയ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുടെ കൂടെയാണ്.
ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ഈ സര്‍വേ റിപോര്‍ട്ട് ആധികാരികമല്ലെന്നു പരിഹസിക്കുന്നു. സ്ഥിതിവിവരക്കണക്കുകള്‍ തലയ്ക്കടിയേറ്റപോലെ വന്നുവീഴുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക പ്രതികരണം മാത്രമാണിത്. കാരണം, രാജ്യത്ത് ലഭ്യമായ മറ്റു കണക്കുകള്‍ തന്നെ ലിംഗനീതിയെക്കുറിച്ച് അധികൃതരില്‍ നിന്നു വരുന്ന പ്രഖ്യാപനങ്ങളൊന്നുംതന്നെ യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് തെളിയിക്കുന്നുണ്ട്.
സ്ത്രീകളെ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത് പരമ്പരാഗത ആചാരങ്ങള്‍ മൂലമാണ്. നിര്‍ബന്ധിത വിവാഹം, സ്ത്രീധനം മൂലമുള്ള പീഡനം, ശൈശവ വിവാഹം, വിവാഹബന്ധം വിച്ഛേദിക്കാതെയുള്ള ഉപേക്ഷിക്കല്‍ തുടങ്ങിയ അക്രമങ്ങള്‍ മൂലം ചുവന്ന തെരുവുകളില്‍ അടിയുന്ന സ്ത്രീകളുടെ എണ്ണം ഒട്ടും നിസ്സാരമല്ല. നിയമങ്ങള്‍ ഏറെയുണ്ടെങ്കിലും അവയൊന്നും ഗര്‍ഭസ്ഥ ശിശു പെണ്ണാണെങ്കില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിനു തടസ്സമാവുന്നില്ല.
റിപോര്‍ട്ട് എടുത്തുപറയുന്ന ഒരു കാര്യം, ബലാല്‍സംഗം ഒരു രാഷ്ട്രീയായുധമായി ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ നാം ഒന്നാം സ്ഥാനത്താണെന്നാണ്. ഗുജറാത്ത് വംശഹത്യ തൊട്ട് മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരേ നടക്കുന്ന ചെറുതും വലുതുമായ ആക്രമണങ്ങളില്‍ ബലാല്‍സംഗ വീരന്‍മാര്‍ രംഗം കൈയടക്കിയതിന്റെ തെളിവുകള്‍ ഏറെയുണ്ട്.
പാശ്ചാത്യ സങ്കല്‍പങ്ങള്‍ സ്വാധീനിച്ചിരിക്കാന്‍ സാധ്യതയുണ്ടെങ്കിലും റിപോര്‍ട്ട് മുമ്പോട്ടുവയ്ക്കുന്ന വിവരങ്ങള്‍ അവഗണിക്കാവതല്ല. ആത്മപരിശോധനയ്ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ തയ്യാറാവേണ്ടതിന്റെ ആവശ്യകതയാണ് റിപോര്‍ട്ട് ഊന്നുന്നത്.

RELATED STORIES

Share it
Top