സ്ത്രീകള്‍ക്കെതിരേ യുവാക്കളുടെ അതിക്രമം; മൂന്നുപേര്‍ക്കെതിരേ കേസ്

മാനന്തവാടി: ബൈക്കുകളിലെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി സ്ത്രീകളെ അപമാനിക്കുകയും മാനഹാനിയുണ്ടാക്കുകയും ചെയ്‌തെന്ന പരാതിയില്‍ വിവിധ വകുപ്പുകള്‍ പ്രകാരം വെള്ളമുണ്ട പോലിസ് കേസെടുത്തു. വാളാട് വലിയകൊല്ലി സ്വദേശികളായ തുറയില്‍ ഷമീര്‍, പാലിയത്ത് ഹര്‍ഷാദ്, തുറയില്‍ അഫ്‌സല്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. പ്രതികള്‍ ഒളിവിലാണ്. കുട്ടിയെ പരിക്കേല്‍പ്പിച്ചതിന് ചൈല്‍ഡ് ലൈനിനും സ്ത്രീകള്‍ പരാതി നല്‍കി.
വാളാട് ഭര്‍തൃവീട്ടില്‍ നിന്നു പടിഞ്ഞാറത്തറയിലുള്ള സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്ന വള്ളിക്കുടിയില്‍ ഹാജിറ, മകന്‍, ബന്ധുക്കളായ രണ്ടു സ്ത്രീകള്‍ എന്നിവരെയാണ് ബൈക്കുകളിലെത്തിയ സംഘം കൈയേറ്റം ചെയ്തത്. കഴിഞ്ഞ ദിവസം കാഞ്ഞിരങ്ങാട് വലിയകൊല്ലിയില്‍ വച്ചാണ് സംഭവം. ഹാജിറ ഓടിച്ചുവരികയായിരുന്ന കാര്‍ സൈഡ് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് ബൈക്കുകളിലെത്തിയ സംഘം തടഞ്ഞുവയ്ക്കുകയായിരുന്നു.
കുട്ടിയുടെ കൈയ്ക്ക് ബൈക്കിന്റെ സൈലന്‍സര്‍ തട്ടി പൊള്ളലേറ്റിട്ടുണ്ട്. ഹാജിറയുടെ കൈവശമുണ്ടായിരുന്ന പതിനെട്ടായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. ബുള്ളറ്റ് കൊണ്ട് ഇടിച്ച് കാറിന് തകരാറുകള്‍ വരുത്തിയെന്നും ചെയ്തുവെന്നും പരാതിയിലുണ്ട്.

RELATED STORIES

Share it
Top