സ്ത്രീകള്‍ക്കു ദര്‍ശനത്തിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

തിരുവനന്തപുരം: സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുലാമാസ പൂജയ്ക്ക് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ശബരിമല സന്ദര്‍ശിക്കുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീപ്രവേശനത്തിനു വേണ്ട സൗകര്യമൊരുക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. സ്ത്രീകള്‍ക്ക് വിരിവയ്ക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ നിലയ്ക്കലിലും എരുമേലി ഉള്‍പ്പെടെയുള്ള മറ്റു സ്ഥലങ്ങളിലും ഏര്‍പ്പെടുത്തും. എല്ലാ ക്യാംപുകളിലും സ്ത്രീകള്‍ക്ക് പ്രത്യേകം ശൗചാലയങ്ങള്‍ തയ്യാറാക്കും. നിലയ്ക്കലില്‍ 10,000 ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. സ്ത്രീകളുടെ ശൗചാലയങ്ങള്‍ക്ക് പ്രത്യേക നിറം നല്‍കും.
പമ്പയില്‍നിന്നു സന്നിധാനത്തേക്കു പോവുന്ന വഴിയിലും സ്ത്രീസൗഹൃദ ശൗചാലയങ്ങള്‍ തയ്യാറാക്കും. പമ്പയില്‍ സ്ത്രീകള്‍ക്ക് സ്‌നാനത്തിനായി നിലവിലുള്ള കടവ് വിപുലമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്തര്‍ക്കായി നിലയ്ക്കലില്‍ ബേസ് ക്യാംപ് വിപുലീകരിക്കും. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ 10,000 പേര്‍ക്കുള്ള സൗകര്യമൊരുക്കാന്‍ തീരുമാനമെടുത്തതായി മന്ത്രി അറിയിച്ചു.
സന്നിധാനത്തേക്കുള്ള വഴിയില്‍ ഇപ്പോള്‍ തന്നെ പകല്‍പോലെ വെളിച്ചമുണ്ട്. എവിടെയെങ്കിലും വെളിച്ചക്കുറവുണ്ടെങ്കില്‍ അതു പരിശോധിച്ച് വേണ്ടത്ര വെളിച്ചമുണ്ടാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കും. കെഎസ്ആര്‍ടിസി ബസ്സുകളില്‍ 25 ശതമാനം സീറ്റുകള്‍ ശബരിമലയിലേക്കുള്ള സ്ത്രീ തീര്‍ത്ഥാടകര്‍ക്കായി റിസര്‍വ് ചെയ്യും. സ്ത്രീകള്‍ ഇല്ലെങ്കില്‍ മാത്രമേ പുരുഷന്‍മാരെ ഈ സീറ്റുകളില്‍ ഇരിക്കാന്‍ അനുവദിക്കൂ.
ഇതിനോടൊപ്പം കെഎസ്ആര്‍ടിസി നിലയ്ക്കലില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം കാത്തിരിപ്പുകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. വനിതാ കണ്ടക്ടര്‍മാരും ഇവിടെ ഡ്യൂട്ടിയിലുണ്ടാവും. സുരക്ഷ ഉറപ്പാക്കാന്‍ പമ്പയിലും സന്നിധാനത്തും കൂടുതല്‍ വനിതാ പോലിസിനെ നിയോഗിക്കും.
സന്നദ്ധപ്രവര്‍ത്തകരായി സ്ത്രീകളെക്കൂടി ഏര്‍പ്പെടുത്തും. എന്നാല്‍, 18ാം പടിയില്‍ വനിതാ പോലിസിനെ നിയോഗിക്കാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. സ്ത്രീകള്‍ക്കായി പ്രത്യേക ക്യൂ ഒരുക്കാനാവില്ല. പല അമ്പലങ്ങളിലും സ്ത്രീകള്‍ മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കുന്നുണ്ട്. അതിന് തയ്യാറുള്ളവര്‍ മാത്രം ശബരിമലയിലേക്കു വന്നാല്‍ മതി. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുപ്പതി മാതൃകയില്‍ ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തും. 20 ലക്ഷം ലിറ്റര്‍ വെള്ളം എത്തിക്കുന്നതിനുള്ള നടപടിയാണു സ്വീകരിച്ചിരുന്നത്. സ്ത്രീകള്‍ കൂടുതലായി എത്തുമെന്നതിനാല്‍ അഞ്ചുലക്ഷം ലിറ്റര്‍ അധിക വെള്ളം സംഭരിക്കുന്നതിനു നടപടിയെടുക്കും.
പമ്പയും സന്നിധാനവും സ്ത്രീസൗഹൃദമാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ വനഭൂമി വിട്ടുതരണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടും. തിരക്ക് ഒഴിവാക്കാന്‍ സന്നിധാനത്തെ താമസം ഒഴിവാക്കാന്‍ തീര്‍ത്ഥാടകരോട് ആവശ്യപ്പെടും. ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് സ്വാതന്ത്ര്യമുണ്ടെന്നും സിപിഎം നിലപാട് നടപ്പാക്കാനല്ല ദേവസ്വം ബോര്‍ഡെന്നും മന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി എസ് സെന്തില്‍, സെക്രട്ടറി എം ശിവശങ്കര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ രാഘവന്‍, കെ പി ശങ്കര്‍ദാസ്, കമ്മീഷണര്‍ എന്‍ വാസു, ജ്യോതിലാല്‍ പങ്കെടുത്തു.

RELATED STORIES

Share it
Top