സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹത്തിനാണ് ഔന്നിത്യം : സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

താനൂര്‍: സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു സമൂഹത്തിന് മാത്രമാണ് സാംസ്‌കാരികമായ ഔന്നിത്യം ഉണ്ട് എന്ന് പറയുവാന്‍ കഴിയുകയെന്ന്  നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
താനാളൂര്‍ പഞ്ചായത്ത് നടപ്പിലാക്കുന്ന ജെന്‍ഡര്‍ സൗഹൃദ പഞ്ചായത്ത് പദ്ധതിയുടെ നയരേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക ഔന്നത്യം അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല. അത് സ്വാഭാവികമായി ഉണ്ടാവേണ്ടതാണ്.
സ്ത്രീ അബലകളാണ് എന്ന് അടിച്ചേല്‍പ്പിക്കപ്പെട്ട ബോധ്യമാണ് നമുക്കുള്ളത്. എന്നാല്‍ ശാരീരിക കരുത്തിനപ്പുറം മാനസിക കരുത്തില്‍ പുരുഷന്മാരെ പിടിച്ചു നിര്‍ത്തിയിരുന്ന വനിതകളും ഇവിടെയുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയും, ഗൗരിയമ്മയും, ജയലളിതയും, സരോജിനി നായിഡുവും, ക്യാപ്റ്റന്‍ ലക്ഷ്മിയുമൊക്കെ ഇതിന് ഉദാഹരണമാണ്.
സ്ത്രീകള്‍ അബലകളാണെന്ന കൃത്രിമ ബോധ്യം സമൂഹം നിര്‍മിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പല പഞ്ചായത്തുകളും മറന്നു പോയ ജെന്‍ഡര്‍ സൗഹൃദ പഞ്ചായത്തെന്ന പദ്ധതി കേരളത്തിന് മാതൃകയാവുകയാണ്. ജനാധിപത്യപരമായ വികസനത്തിലൂടെ സ്ത്രീപുരുഷ തുല്യത കൈവരിക്കാന്‍ കഴിയുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top