സ്ത്രീകളുടെ ശക്തി സ്വയം തിരിച്ചറിയുന്നതാണ് യഥാര്‍ഥ സ്ത്രീശാക്തീകരണം: നടി ശാരദ

കൊച്ചി: സ്ത്രീകള്‍ തങ്ങളുടെ ശക്തി സ്വയം തിരിച്ചറിയുന്നതാണ് യഥാര്‍ഥ സ്ത്രീശാക്തീകരണമെന്ന് ചലച്ചിത്ര നടി ഡോ. ശാരദ. കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആര്‍ഐ) വിമന്‍ സെ ല്‍ സംഘടിപ്പിച്ച സ്ത്രീശാക്തീകരണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹമാണ് നമുക്ക് വേണ്ടത്. സ്ത്രീകളുടെ ആത്മാഭിമാനത്തെ പിന്തുണയ്ക്കുന്ന കഥാപാത്രങ്ങളായിരുന്നു താന്‍ കൂടുതല്‍ ചെയ്തത്. തന്റെ സിനിമകള്‍ കണ്ട് സമൂഹത്തില്‍ മാറ്റമുണ്ടാവുന്നുവെന്ന് അറിയുന്നതാണ് സിനിമാജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കുന്നത്. വെള്ളിത്തിരയിലെ പഴയകാല അഭിനയാനുഭവങ്ങള്‍ ശാരദ സദസ്സുമായി പങ്കുവച്ചു. 'മലയാളത്തിന്റെ ദുഃഖപുത്രി' എന്നു തന്നെക്കുറിച്ച് പറയുമ്പോള്‍ പലപ്പോഴും തനിക്ക് ചിരി വരാറുണ്ട്. ശാരദ പറഞ്ഞു. താന്‍ അഭിനയിച്ച കഥാപാത്രങ്ങളാണ് ഏറ്റവും വലിയ ജീവിതാനുഭവം. മഹാരഥന്മാരായ പ്രേംനസീറിനും സത്യനുമൊപ്പം 'ഇണപ്രാവുകള്‍' എന്ന സിനിമയില്‍ അഭിനയജീവിതം തുടങ്ങുമ്പോള്‍ 19 വയസ്സായിരുന്നു തന്റെ പ്രായം. അന്നത്തെ നായകന്‍മാരുടെയും സിനിമാ പിന്നണിപ്രവര്‍ത്തകരുടെയും സ്‌നേഹവും സഹകരണവുമാണ് സിനിമയില്‍ മുന്നോട്ടുപോകാന്‍ തനിക്ക് കരുത്തു പകര്‍ന്നത്. സാമൂഹിക സേവനത്തിലൂടെ ജീവിതത്തി ല്‍ സംതൃപ്തി കണ്ടെത്താന്‍ തയ്യാറാകണമെന്നും ആന്ധ്രപ്രദേശില്‍ നിന്നു ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശാരദ പറഞ്ഞു. കേരളം എല്ലാ നിലയിലും വ്യത്യസ്തമായ സംസ്ഥാനമാണ്. പല മേഖലകളിലും മാതൃകാപരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംസ്ഥാനമാണ് കേരളമെന്നും അവര്‍ പറഞ്ഞു. മലയാളത്തില്‍ തന്റേടമുള്ള ഒത്തിരി സ്ത്രീകഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അനശ്വര കലാകാരിയാണ് ശാരദയെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

RELATED STORIES

Share it
Top