സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കും വിധത്തില്‍ മുത്തലാഖ് അനുവദിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതിന്യൂഡല്‍ഹി: സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന വിധത്തില്‍ മുത്തലാഖ് അനുവദിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി.
വ്യക്തിനിയമങ്ങളുടെ പേരില്‍ സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കരുത്. പുരുഷന്‍മാര്‍ മൂന്നുമൊഴിയും ഒന്നിച്ചുചൊല്ലുന്നതു വഴി സ്ത്രീകളുടെ സമത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയാണെന്നും ഇക്കാരണത്താല്‍ മുത്തലാഖ് സംവിധാനം സമത്വത്തിനുള്ള അവകാശത്തിനെതിരാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഭരണഘടനയ്ക്കു കീഴില്‍ മാത്രമെ വ്യക്തിനിയമം നടപ്പാക്കാനാവൂ. വ്യക്തിനിയമം ഒരിക്കലും ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാവരുത്. മതവിധികള്‍ ഒരിക്കലും പൗരന്‍മാര്‍ക്കു ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ കാരണമാവരുതെന്നും ജസ്റ്റിസ് സൂര്യപ്രകാശ് കേസര്‍വാനിയുടെ ബെഞ്ച് വ്യക്തമാക്കി. സ്ത്രീധനത്തിന്റെ പേരില്‍ തന്നെ ഭര്‍ത്താവ് പീഡിപ്പിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്‌തെന്ന യുവതിയുടെ പരാതി പരിഗണിക്കവെയായിരുന്നു കോടതി നിരീക്ഷണം. സ്ത്രീധനം നിഷേധിച്ചതിനെത്തുടര്‍ന്നു ഭര്‍ത്താവ് തന്നെ മൊഴിചൊല്ലിയെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയുടെ ഹരജി തള്ളണമെന്നും തനിക്കെതിരായ ക്രിമിനല്‍ വിചാരണ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ മുന്‍ ഭര്‍ത്താവ് നല്‍കിയ അപേക്ഷ കോടതി തള്ളി.
മുത്തലാഖ് സംവിധാനം പ്രോല്‍സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല. കാരണം മുസ്‌ലിംകള്‍ക്കിടയിലെ വിവാഹം ഏകപക്ഷീയമായി പുരുഷന്‍മാര്‍ക്കു മാത്രം അസാധുവാക്കാന്‍ കഴിയില്ല. ലിംഗ വ്യത്യാസത്തിന്റെ പേരില്‍ മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ അനുവദിക്കരുത്. സ്ത്രീകളുടെ മനുഷ്യാവകാശങ്ങളില്‍ അന്യാധീനപ്പെടാന്‍ പാടില്ലത്താത്തതും സാര്‍വലൗകിക മനുഷ്യാവകാശങ്ങളില്‍പെട്ടതുമാണ്. അനിയന്ത്രിതമായ മൊഴിചൊല്ലാനുള്ള മുസ്്‌ലിം പുരുഷനുള്ള അവകാശം ഭരണഘടന പൗരന് അനുവദിച്ച തുല്യാവകാശം എന്ന ബഹുമതിയെ ചോദ്യചെയ്യുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

RELATED STORIES

Share it
Top