സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം:  സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ജാഗ്രതയോടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സ്ത്രീ സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം എന്നിവ കൈകാര്യം ചെയ്യാനാണ് പ്രത്യേക വകുപ്പ് തന്നെ സര്‍ക്കാര്‍ രൂപീകരിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച് നല്ലതല്ലാത്ത വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതു സംബന്ധിച്ച ഉല്‍ക്കണ്ഠകള്‍ എല്ലാവര്‍ക്കുമുണ്ട്. ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരോട് സര്‍ക്കാര്‍ കര്‍ശന നിലപാടെടുക്കും.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് വിവിധ പദ്ധതികള്‍ നടപ്പാക്കുകയാണ്. ജന്‍ഡര്‍ ബജറ്റിങിന് 1267 കോടി രൂപ ലഭ്യമാക്കി. പൊതു വികസന പദ്ധതികളില്‍ സ്ത്രീകള്‍ക്ക് 1960 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. നൈപുണ്യ വികസനം, തൊഴില്‍ സൃഷ്ടിക്കല്‍, ഉപജീവന സുരക്ഷിതത്വം എന്നിവയ്ക്കും ആവശ്യമായ തുക വകയിരുത്തി. കുഞ്ഞുങ്ങളുടെ അവകാശങ്ങളും മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വനിതാ സംഘടനകളുടെ സഹായത്തോടെ സംഘടിപ്പിക്കും.
അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം 1000 രൂപയില്‍ നിന്ന് 2000 രൂപയാക്കി. വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകളും ഷോര്‍ട്ട് സ്‌റ്റേ ഹോമുകളും നിര്‍മിക്കാന്‍ നാലു കോടി രൂപയും കുടുംബശ്രീക്ക് 200 കോടി രൂപയും അനുവദിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും മാനസികാരോഗ്യം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച ജീവിത സൗകര്യങ്ങളൊരുക്കുന്നതിന് പകല്‍ വീടുകളും കൂട്ടായി താമസിക്കാനുള്ള സൗകര്യങ്ങളും ഒരുക്കും.
ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. എസ്എസ്എല്‍സി ബുക്കില്‍ പ്രത്യേക കോളവും ഉള്‍പ്പെടുത്തും. മയക്കുമരുന്നിന്റെ വ്യാപനത്തിനെതിരെ സമൂഹം ജാഗ്രത കാണിക്കണം. സ്‌കൂളുകളില്‍ സമൂഹത്തിന്റെ ഇടപെടലും ജാഗ്രതയും ഉണ്ടാവണമെന്നും  മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ പ്രഫഷനല്‍ കോളജുകളിലെ വനിതാ ഹോസ്റ്റലുകളുടെ അവസ്ഥ പരിശോധിക്കുമെന്നും അസംഘടിത മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ആരോഗ്യ, സാമൂഹിക നീതി, വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചര്‍, സ്‌പെഷ്യല്‍ സെക്രട്ടറി, ബിജു പ്രഭാകര്‍, വനിതാ സംഘടനാ നേതാക്കള്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top