സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍:കലാപത്തിനുള്ള ബോധപൂര്‍വമായ ശ്രമമെന്ന് പോലീസ്‌

മഞ്ചേരി: സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയടക്കം അഞ്ച് പേര്‍ പിടിയിലായതായി പോലീസ് അറിയിച്ചു. ബോധപൂര്‍വം കലാപം സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേരാണ് അറസ്റ്റിലായത്. പ്രധാനപ്രതി അമര്‍നാഥ്(19),കുന്നപ്പുഴ നിറക്കകം സിറില്‍ നിവാസില്‍ എന്‍ജെ സിറില്‍(22),നെല്ലിവിള വെണ്ണിയൂര്‍ പുത്തന്‍വീട് സുധീഷ്(22), വെണ്ണിയൂര്‍ കുന്നുവിള അഖില്‍(23),നെയ്യാറ്റിന്‍കര പഴുതാക്കല്‍ ഇലങ്ങം റോഡില്‍ ഗോഗുല്‍ ശേഖര്‍(21) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശത്തില്‍ ഡിവൈഎസ്പിമാരായ എംപി മോഹനചന്ദ്രന്‍, ജലീല്‍ തോട്ടത്തില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ മുഖ്യപ്രതി അമര്‍നാഥ് മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങില്‍ മാത്രമായിരുന്നു തിങ്കളാഴ്ചയിലെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചത്. എന്നാല്‍ പ്രതികള്‍ ഹര്‍ത്താല്‍ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനും കലാപമുണ്ടാക്കാനും വാട്‌സ്ആപ് ഗ്രൂപ്പുകള്‍ വഴി നിരന്തരം ആസൂത്രണം നടത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു. വോയ്‌സ് ഓഫ് ട്രൂത്ത് എന്ന വാട്‌സ്ആപ് ഗ്രൂപ്പ് വഴിയാണ് ഹര്‍ത്താലിന് ആഹ്വാനം നടത്തിയത്. വിവിധ ജില്ലകളിലുള്ള 11 പേരാണ് ഗ്രൂപ്പിലെ അഡ്മിന്‍ ആയിട്ടുള്ളത്. പിന്നീട് ഗ്രൂപ്പ് അഡ്മിന്‍മാര്‍ ഉള്‍ക്കൊള്ളുന്ന സൂപ്പര്‍ അഡ്മിന്‍ എന്ന മറ്റൊരു വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയും അതുവഴി ഹര്‍ത്താലുമായി ബന്ധപ്പെട്ട് ചര്‍ച്ചനടത്തുകയുമായിരുന്നു. ഈ അഡ്മിന്‍മാരുടെ വാട്‌സ്ആപ് ഗ്രൂപ്പ് ഇപ്പോഴും സജീവമാണെന്നും ഇതില്‍ സംഘര്‍ഷം ഉണ്ടാക്കാനുള്ള തരത്തില്‍ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
അറസ്റ്റിലായവര്‍ക്കെതിരെ കലാപ ശ്രമം, മാര്‍ഗ തടസം സൃഷ്ടിക്കല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ മെസ്സേജുകള്‍ ഷെയര്‍ ചെയ്ത മറ്റ് വാട്‌സ്ആപ് ഗ്രൂപ്പുകളിലുള്ള അഡ്മിന്‍മാരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹര്‍ത്താല്‍ ദിവസം അനിഷ്ടസംഭവങ്ങളുണ്ടായ ജില്ലകളില്‍ അറസ്റ്റ് തുടരുമെന്ന് പോലീസ് പറഞ്ഞു.

RELATED STORIES

Share it
Top