സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ചു

റജീഷ്  കെ  സദാനന്ദന്‍

മഞ്ചേരി: ജനകീയ ഹര്‍ത്താലെന്ന പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ ഇതിനായി രൂപീകരിച്ചു പ്രവര്‍ത്തിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരിലേക്കുള്ള അന്വേഷണം പോലിസ് ഊര്‍ജിതമാക്കി. ഹര്‍ത്താലിന്റെ മറവില്‍ കലാപത്തിനു ശ്രമിച്ചതിന് സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന യുവാവടക്കം അഞ്ചുപേര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.
ഇവരില്‍ നിന്നുള്ള വിവരത്തിന്റെകൂടി അടിസ്ഥാനത്തിലാണ് തുടര്‍ന്നുള്ള അന്വേഷണം നടക്കുന്നത്. കൊല്ലം തെന്മല സ്വദേശി അമര്‍നാഥ് ബൈജു രൂപീകരിച്ച വോയ്‌സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്‌റ്റേഴ്‌സ് എന്നീ ഗ്രൂപ്പുകളിലെ 11 അഡ്മിന്‍മാരില്‍ അഞ്ചുപേരാണ് പിടിയിലായിരിക്കുന്നത്. മറ്റു ആറ് അഡ്മിന്‍മാര്‍ക്കും സംഭവത്തിലുള്ള പങ്കാണ് പ്രധാനമായും അന്വേഷിക്കുന്നത്. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ അഡ്മിന്‍മാര്‍ രൂപീകരിച്ച സൂപ്പര്‍ അഡ്മിന്‍ ഗ്രൂപ്പിലെ ചര്‍ച്ചകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഈ ഗ്രൂപ്പിലാണ് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന തിരുവനന്തപുരം വെണ്ണിയൂര്‍ സ്വദേശി അഖില്‍  ഹര്‍ത്താലിനു ശേഷവും വിവിധ ജില്ലകളില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം അയച്ചിരുന്നത്. ഇത്തരം സന്ദേശങ്ങള്‍ പരമാവധി ശേഖരിച്ചാണ് അഡ്മിന്‍മാരായിട്ടുള്ളവര്‍ക്കെതിരെ പോലിസിന്റെ നടപടി. അമര്‍നാഥിന്റെ നേതൃത്വത്തില്‍ പതിനാലു ജില്ലകളിലും രൂപീകരിച്ച പ്രത്യേക ഗ്രൂപ്പുകളും സൈബര്‍സെല്‍ പരിശോധിച്ചുവരുകയാണ്. ജില്ലാ തലങ്ങളില്‍ ആദ്യമുണ്ടാക്കിയ ഗ്രൂപ്പുകളിലെല്ലാം അഡ്മിന്‍മാരില്‍ ഒരാളായ സംഭവത്തിന്റെ സൂത്രധാരന്‍ അമര്‍നാഥ് തന്നെയാണ്. ഇത്തരം ഗ്രൂപ്പുകളിലെ മറ്റ് അഡ്മിന്‍മാര്‍ക്കെതിരെ അറസ്റ്റടക്കമുള്ള നടപടികള്‍ അടുത്ത ദിവസങ്ങളിലുണ്ടാവും. പ്രാദേശികമായി രൂപീകരിച്ച ഗ്രൂപ്പുകളും അതില്‍ സജീവമായിരുന്നവരും നിരീക്ഷണത്തിലാണ്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗങ്ങളായവരടക്കം സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ പേരില്‍ അറസ്റ്റിലായിട്ടുണ്ടെങ്കിലും സംഘപരിവാരങ്ങളുമായി ബന്ധമുള്ളവരാണ് ഇതിന്റെ ബുദ്ധികേന്ദ്രങ്ങളെന്നത് സമൂഹത്തെ വര്‍ഗീയമായി ചേരിതിരിച്ചുള്ള മുതലെടുപ്പിന് ഹിന്ദുത്വ ശക്തികള്‍ ശ്രമിച്ചതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം വ്യാപകമായുണ്ട്. എന്നാല്‍, അറസ്റ്റിലായവരുടെ ലക്ഷ്യവും രാഷ്ട്രീയവും അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തില്‍ മാത്രമെ പരിശോധിക്കൂ എന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

RELATED STORIES

Share it
Top