സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരെ പോലിസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: കശ്മീരി ബാലികയെ ഹിന്ദുത്വര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സ്റ്റാറ്റസുകള്‍ പ്രചരിപ്പിച്ച വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ പോലിസ് ചോദ്യം ചെയ്യുന്നു.
ഹര്‍ത്താലിനു പിന്നിലെ ഉറവിടം കണ്ടെത്തുന്നതിനു വേണ്ടിയാണ് വാട്ട്‌സ്ആപ്പ് കൂട്ടായ്മകളുടെ അഡ്മിന്‍മാരെ ചോദ്യം ചെയ്യുന്നതെന്നാണ് വിശദീകരണം. പ്രധാനമായും മലബാര്‍ മേഖലയിലെ വിവിധ സോഷ്യല്‍ മീഡിയ കൂട്ടായ്മകെളയാണ് പോലിസ് നിരീക്ഷിച്ചുവരുന്നത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധിച്ചാണ് ഹര്‍ത്താല്‍ ആഹ്വാനം പ്രചരിപ്പിച്ചുവന്ന ഗ്രൂപ്പുകളെ  കണ്ടെത്തിവരുന്നത്. കോഴിക്കോട്ടും മലപ്പുറത്തും മാത്രം ഇതിനകം 200ലധികം അഡ്മിന്‍മാരെ വിളിച്ചുവരുത്തി. സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരും സോഷ്യല്‍ മീഡിയാ പ്രചാരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി പോലിസ് പറയുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിച്ചേക്കും.
ചോദ്യം ചെയ്ത പലര്‍ക്കും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുമായി ബന്ധമില്ലെന്നാണ് കണ്ടെത്തല്‍. അതേസമയം, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരും ഉപയോഗിച്ച് പ്രചാരണം നടത്തിയവര്‍ക്കെതിരേ പോക്‌സോ പ്രകാരം പോലിസ് കേസെടുക്കുകയാണ്. പിടിയിലാവുന്നവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച് ചിത്രം ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പോക്‌സോ നിയമത്തിലെ 23ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 228-എ വകുപ്പുമാണ് പ്രതികള്‍ക്കെതിരേ ചുമത്തുന്നത്.

RELATED STORIES

Share it
Top