സോഷ്യല്‍ മീഡിയ ദുരുപയോഗം; സൈബര്‍ കോടതി പരിഗണനയില്‍

കാളികാവ്: സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം തടയുന്നതിനായി സൈബര്‍ കോടതി സര്‍ക്കാര്‍ പരിഗണനയില്‍. സൈബര്‍ കേസുകള്‍ക്ക് കാലതാമസം നേരിടുന്നതിനാലാണ് ഇത്തരമൊരു ആലോചന. വര്‍ഗീയത, വ്യക്തിഹത്യ, രാഷ്ട്ര സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടാക്കുന്ന പോസ്റ്റിടുന്നവരെ വേഗത്തില്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ശിക്ഷ ഉറപ്പാക്കാനുമാണ് പദ്ധതി.
നിലവില്‍ ഡല്‍ഹിയില്‍ മാത്രമാണ് സൈബര്‍ കോടതിയുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സൈബര്‍ കേസുകളുടെ എണ്ണം നാലിരട്ടി വര്‍ധിച്ചതയാണ് കണക്ക്. ഇക്കാര്യത്തില്‍ കേരള ബാര്‍ കൗണ്‍സിലാണ് കോടതി സ്ഥാപിക്കുന്ന കാര്യത്തില്‍ നിര്‍ദേശം വച്ചത്. സൈബര്‍ കേസുകളുടെ കാലതാമസം കുറ്റവാളികള്‍ രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കപ്പെടാനും ഇടയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കോടതി എവിടെ സ്ഥാപിക്കണമെന്നും മറ്റുമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് വകുപ്പ് തലങ്ങളില്‍ നിന്നുള്ള റിപോര്‍ട്ട് ആവശ്യപ്പെട്ടതായാണ് വിവരം. സൈബര്‍ കേസുകള്‍ ആറു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നാണ് നിയമം. എന്നാല്‍, വര്‍ഷം കഴിഞ്ഞിട്ടും കേസ് പരിഗണനയ്‌ക്കെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ലോക്കല്‍ പോലിസില്‍ ലഭിക്കുന്ന ഒരു പരാതിക്കും നടപടിയുണ്ടാവുന്നില്ല എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇത്തരം കേസുകള്‍ സൈബര്‍ സെല്ലിന് കൈമാറുക മാത്രമാണ് പോലിസിന്റെ നടപടി. സംസ്ഥാനത്തെ വിജിലന്‍സ്, കുടുംബകോടതികളുടെ മാതൃകയിലായിരിക്കും കോടതി പ്രവര്‍ത്തിക്കുക.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് സൈബര്‍ കുറ്റകൃത്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് എന്നിവയാണ് ഏറ്റവും ജനകീയവും സാധാരണക്കാര്‍ പോലും സജ്ജീവമായിട്ടുള്ള മീഡിയ. വര്‍ഗീയ വിഷം ചീറ്റുന്ന പോസ്റ്റുകള്‍ മിക്കപ്പോഴും സമാധാനാന്തരീക്ഷത്തിന് ഭംഗം നേരിട്ടതായും അനുഭവങ്ങളുണ്ട്. എന്നാല്‍, വ്യക്തിഹത്യ എല്ലാ സീമകളും ലംഘിച്ചതായി പരക്കെയുള്ള അഭിപ്രായവുമാണ്. അതേസമയം, സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പങ്കുവയ്ക്കുന്നതിനെതിരെയുള്ള നടപടിയായി ഇതിനെ കാണുന്നവരുമുണ്ട്.

RELATED STORIES

Share it
Top