സോഷ്യല്‍ മീഡിയാ ഹര്‍ത്താലിന്റെ മറവില്‍ പോലിസ് വേട്ട, പിടിയിലായവര്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ അണികള്‍

തിരുവനന്തപുരം: കഠ്‌വ സംഭവത്തിനെതിരേ തിങ്കളാഴ്ച നടന്ന സോഷ്യല്‍ മീഡിയാ ഹര്‍ത്താലിന്റെ മറവില്‍ പോലിസ് നടത്തുന്നത് ന്യൂനപക്ഷ വേട്ടയാണെന്ന് ആരോപണമുയരുന്നു. ഹര്‍ത്താലിന്റെ പേരില്‍ മലബാര്‍ മേഖലയില്‍ മാത്രം 900ത്തിലധികം അറസ്റ്റുകളാണ് നടന്നത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നു, ഗതാഗതം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് അറസ്റ്റ്. കൊടുവള്ളിയില്‍ മതസ്പര്‍ധ വളര്‍ത്തിയെന്നാരോപിച്ച് 153 (എ) വകുപ്പ് പ്രകാരമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.  ഇവരില്‍  15 പേരും റിമാന്‍ഡിലാണ്.
അനുമതിയില്ലാതെ നിയമവിരുദ്ധമായി സംഘം ചേര്‍ന്നു കേന്ദ്രസര്‍ക്കാരിനും പോലിസിനുമെതിരേ മുദ്രാവാക്യം വിളിച്ച് മതസ്പര്‍ധ വളര്‍ത്തി എന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളിച്ചാല്‍ മതസ്പര്‍ധയാവുമെന്ന വിചിത്ര വാദമാണ് പോലിസ് ഉയര്‍ത്തുന്നത്. മിക്ക സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലിസ് പ്രതിപ്പട്ടിക തയ്യാറാക്കുന്നത്. സോഷ്യല്‍ മീഡിയാ ഹര്‍ത്താലില്‍ എസ്ഡിപിഐ അടക്കം വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അണികള്‍ പങ്കെടുത്തെന്ന് തെളിവുസഹിതം പുറത്തുവന്നിരിക്കെയാണ് പോലിസിന്റെ അറസ്റ്റുകള്‍ അരങ്ങേറുന്നത്.  കോഴിക്കോട് ജില്ലയില്‍ ആകെ 66 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 200 പേരെ അറസ്റ്റ് ചെയ്തു. 44 പേരെ റിമാന്‍ഡ് ചെയ്തു. രണ്ടു കേസുകളില്‍ 153 എ ചുമത്തി. ഇതില്‍ സിപിഎമ്മിന്റെയും ലീഗിന്റെയും അനുഭാവികള്‍പെടും. പ്രത്യേക രാ്രഷ്ടീയ പശ്ചാത്തലം ഇല്ലാത്തവരും പിടികൂടിയവരിലുണ്ട്.
മലപ്പുറത്ത് 250 അറസ്റ്റ് രേഖപ്പെടുത്തി. 30 പേരെ റിമാന്‍ഡ് ചെയ്തു. കല്‍പകഞ്ചേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ പിടിയിലായി. തിരൂര്‍, വളാഞ്ചരി, താനൂര്‍ എന്നിവിടങ്ങളില്‍ അറസ്റ്റിലായലര്‍ ഭൂരിഭാഗം മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണ്. കണ്ണൂരില്‍ 141 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാസര്‍കോട് 86 പേരെയും പാലക്കാട് 195 പേരെയും വയനാട്ടില്‍ 41 പേരെയും അറസ്റ്റ് ചെയ്തു. മലബാര്‍ കഴിഞ്ഞാല്‍ കൂടുതല്‍ അറസ്റ്റുണ്ടായത് തിരുവനന്തപുരത്താണ്. ഫോര്‍ട്ട് പോലിസ് സ്റ്റേഷനില്‍ അറസ്റ്റിലായ പ്രകാശ് എന്ന യുവാവിന് പ്രത്യേക രാ്രഷ്ടീയമൊന്നുമില്ല. ഹര്‍ത്താലുമായി ബന്ധപ്പെട്ട് എസ്ഡിപിഐക്കെതിരേ വ്യാപകമായി കുപ്രചാരണങ്ങള്‍ നടക്കുമ്പോഴാണ് ഹര്‍ത്താലിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളിലെ യുവാക്കളുടെ സാന്നിധ്യം വെളിവാകുന്നത്. ഏതെങ്കിലും സംഘടനകളുടെ സജീവ പ്രവര്‍ത്തകരല്ല അറസ്റ്റിലായവരില്‍ ഭൂരിഭാഗം പേരുമെന്നാണ് പോലിസ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെ ന്നാ ണ് സൂചന. ഹര്‍ത്താലിന്റെ പിന്നില്‍ എസ്ഡിപിഐ ആണെന്ന് സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍ സംഘപരിവാര സംഘടനകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.
ഹര്‍ത്താലിന്റെ മറവില്‍ തീവ്രവാദികള്‍ അഴിഞ്ഞാടിയെന്നു സംഘപരിവാര ചാനല്‍ പ്രചരിപ്പിച്ചത് സര്‍ക്കാരും പോലിസും ഏറ്റെടുക്കുകയായിരുന്നു. കഠ്‌വ സംഭവത്തില്‍ സംഘപരിവാരത്തിനെതിരേ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന യുവജനരോഷത്തെ മുസ്‌ലിം വര്‍ഗീയതയെന്ന ആരോപണമുന്നയിച്ചും മതസ്പര്‍ധ വളര്‍ത്തല്‍ എന്ന വകുപ്പ് ഉപയോഗിച്ചും സര്‍ക്കാരും പോലിസും സംഘപരിവാരത്തിന് അനുകൂലമായ സാഹചര്യമുണ്ടാക്കുന്നതായാണ് ആരോപണമുയരുന്നത്.

RELATED STORIES

Share it
Top