സോഷ്യല്‍ മീഡിയയും വെബ്‌സൈറ്റും ഉപയോഗിച്ച് പെണ്‍വാണിഭം: പ്രധാനി പിടിയില്‍

തിരുവനന്തപുരം: സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മുഖേനയും വെബ്‌സൈറ്റുകള്‍ വഴിയും പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ പ്രധാനി തിരുവനന്തപുരം ശാസ്തമംഗലം ഈയംകുളം തങ്കനിവാസില്‍ രാജേഷ് എന്ന് വിളിക്കുന്ന് പ്രദീപ് കുമാറിനെ സൈബര്‍ ക്രൈം പോലിസ് അറസ്റ്റ് ചെയ്തു.
ഓണ്‍ലൈന്‍ സൈറ്റ് മുഖേനയും ലൊക്കാന്റോ എന്ന വെബ്‌സൈറ്റ് വഴിയും മറ്റ് സെക്‌സ് സൈറ്റുകള്‍ വഴിയും ലൈംഗിക കച്ചവടം നടത്തുന്ന സെക്‌സ് റാക്കറ്റുകള്‍ കേരളത്തിലെ പല ജില്ലകളിലും പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സൈബര്‍ ക്രൈം പോലിസ് കേസ് അന്വേഷിച്ചുവരികയായിരുന്നു.
പോലിസ് അസി. കമ്മീഷണര്‍ എം ഇക്ബാലിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് സജാദ്, സിപിഒ ഷിബു, സുനില്‍, സിപിഒ അഭിലാഷ്, അനീഷ് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതി സെക്‌സ് റാക്കറ്റിനായി ഉപയോഗിച്ച ഇന്റര്‍നെറ്റിലെ സൈറ്റ് ലിങ്കുകള്‍ പിന്തുടര്‍ന്നും പരിശോധിച്ചും ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്തുമാണ് പ്രതിയെ കുടുക്കിയത്. മറ്റൊരു സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട ഭാഗത്ത് പ്രവര്‍ത്തനം നടത്തിവന്നിരുന്ന പ്രതിക്കെതിരേ ഡിജിറ്റല്‍ വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
പ്രതിയില്‍ നിന്ന് സെക്‌സ് റാക്കറ്റിന്റെ പുതിയ കണ്ണികളെക്കുറിച്ചും മറ്റുമുള്ള രഹസ്യവിവരം ലഭിച്ചതില്‍ കൂടുതല്‍ പ്രതികളിലേക്ക് അറസ്റ്റും തുടര്‍ നടപടികളും നീളുമെന്ന് പോലിസ് അറിയിച്ചു. പ്രതിയെ തിരുവനന്തപുരം ജില്ലാ കോടിതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top