സോഷ്യല്‍ മീഡിയയിലൂടെയുള്ള പോര്‍വിളി സംഘട്ടനത്തിലെത്തി

വണ്ടിപ്പെരിയാര്‍: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനു പരിക്ക്. യൂത്ത് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് കൊല്ലംപറമ്പില്‍ ഷംനാദ് അലിയാരി (29)ന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കുകളോടെ ഇയാളെ പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാവിലെ 11.30 മണിയോടെ പെരിയാര്‍ പശുമല കവലയില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്.
ഓട്ടോറിക്ഷയിലെത്തിയ രണ്ടംഗ സംഘം ഷംനാദ് സഞ്ചരിച്ച ബൈക്ക്, ഓട്ടോറിക്ഷ കുറുകെയിട്ട് തടഞ്ഞാണ് ആക്രമിച്ചത്. ഡിവൈഎഫ്‌ഐ പെരിയാര്‍ മേഖല സെക്രട്ടറി യു എച്ച് ഫൈസല്‍, ഡിവൈഎഫ്‌ഐ പെരിയാര്‍ ഓട്ടോ യൂനിറ്റ് സെക്രട്ടറി ലിജോ പീറ്റര്‍ എന്നിവരടങ്ങിയ സംഘമാണ് തന്നെ ആക്രമിച്ചതെന്നാണ് ഷംനാദ് പോലിസിനു മൊഴി നല്‍കി. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ തുടര്‍ച്ചയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
രണ്ട് മാസംമുന്‍പ് ഷംനാദും സുഹൃത്തുക്കളും ചേര്‍ന്ന് തങ്കമല സ്വദേശിയുടെ ഓട്ടോറിക്ഷ വാടകയ്ക്ക് എടുത്ത് പരുന്തുംപാറയിലേക്കു പോവുകയും ഇതിന്റെ ഓട്ടോക്കൂലി നല്‍കുന്നതിനെ ചൊല്ലി തര്‍ക്കമാവുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇടപെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ലിജോ പീറ്ററിന് നേരെ ആക്രമണമുണ്ടായി. സംഭവത്തില്‍ ഷംനാദ് ഉള്‍പ്പെടെയുള്ള നാലു പേര്‍ക്കെതിരെ പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം പെരിയാര്‍ ടൗണില്‍ പാര്‍ക്ക് ചെയ്ത ഷംനാദിന്റെ ബൈക്കിന്റെ രണ്ട് ചക്രത്തിന്റെും കാറ്റ് ഊരി വിട്ട സംഭവം ഫോട്ടോ ഉള്‍പ്പെടെ ഇയാള്‍ ഫേസ് ബുക്കില്‍ പ്രചരിപ്പിക്കുകയും സമീപത്തെ കടയില്‍ നിന്ന് കിട്ടിയ സിസി ടിവി ദൃശ്യങ്ങളും പുറത്ത് വിട്ടിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്  കാറ്റ് ഊരി വിട്ടതെന്ന രൂപത്തിലേക്ക് പ്രശ്‌നം മാറിയതോടെ സോഷ്യല്‍ മീഡിയയിലൂടെ ഡിവൈഎഫ്‌ഐ- യുത്ത് കോണ്‍ഗ്രസ് പോര്‍വിളി ഉയര്‍ന്നു.
ഇതിനിടയിലാണ് ഷംനാദിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് വണ്ടിപ്പെരിയാറ്റില്‍ പ്രകടനം നടത്തുകയും കുറ്റക്കാര്‍ക്കെതിരെ പോലിസ് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ആര്‍ ഗണേശന്‍,  എം ടി സുരേന്ദ്രന്‍, ഷാജി കുരിശുംമൂട്, പി നളിനാഷന്‍, കെ ഗോപി, എന്‍ മഹേഷ്, പി ജയപ്രകാശ്, എം ഗണേശന്‍, ടിനു പി സെബാസ്റ്റ്യന്‍, ജോര്‍ജ് പള്ളിയില്‍ സംസാരിച്ചു.

RELATED STORIES

Share it
Top